കൂടുതല്‍ വാക്സിനും വാക്സിനേഷന്‍ കേന്ദ്രങ്ങളും അനുവദിക്കണം: മുഖ്യമന്ത്രിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കത്ത്
മലപ്പുറത്ത് ആകെ 101 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്, ഈ കേന്ദ്രങ്ങളിൽ തന്നെ ആവശ്യത്തിന് വാക്സിനും രജിസ്റ്റർ ചെയ്തവർക്ക് സ്‌ലോട്ടും ലഭിക്കുന്നില്ല.
ജനസംഖ്യാനുപാതികമായി മലപ്പുറത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും വാക്സിൻ ഡോസും അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
നിലവിൽ മലപ്പുറത്തെ ജനസംഖ്യയെക്കാൾ 10 ലക്ഷം കുറവുള്ള തിരുവനന്തപുരം ജില്ലയിൽ 140 വാക്സിനേഷൻ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറത്ത് ആകെ 101 കേന്ദ്രങ്ങളും. ഈ കേന്ദ്രങ്ങളിൽ തന്നെ ആവശ്യത്തിന് വാക്സിനും രജിസ്റ്റർ ചെയ്തവർക്ക് സ്‌ലോട്ടും ലഭിക്കുന്നില്ല. മെയ് 27 ന് മലപ്പുറം ജില്ലയിൽ കേവലം 29 കേന്ദ്രങ്ങളിൽ മാത്രം വാക്സിൻ ലഭിക്കുമ്പോൾ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ 100 ഓളം കേന്ദ്രങ്ങളിലാണ് വാക്സിൻ ലഭ്യമാവുന്നത്.
ആവശ്യത്തിനനുസരിച്ചും യഥാസമയത്തും വാക്സിൻ ലഭ്യമാക്കാത്തതിനാൽ മലപ്പുറത്ത് ഇതുവരെ ആകെ 6,68000 പേർക്ക് മാത്രമാണ് വാക്സിനെടുക്കാൻ കഴിഞ്ഞത്. എന്നാൽ മലപ്പുറത്തേക്കാൾ ജനസംഖ്യ കുറഞ്ഞ തിരുവനന്തപുരത്ത് 10,38,000 പേർക്ക് വാക്സിൻ ലഭിച്ചു കഴിഞ്ഞു.
ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ട്രിപ്പിൾ ലോക്ക്ഡൗണും നിലനിൽക്കുന്ന ഏക ജില്ലയായിരുന്നിട്ടുപോലും ജില്ലയുടെ ആവശ്യത്തിനനുസരിച്ച് വാക്സിനും, വാക്സിൻ കേന്ദ്രങ്ങളും സജ്ജമാക്കാൻ തയ്യാറാകാത്ത ആരോഗ്യവകുപ്പിന്‍റെ നിലപാട് ജില്ലയോടുള്ള അവഗണനയാണെന്നും ഇത് ഏറെ വേദനാജനകമാണെന്നും പ്രസിഡന്‍റ് കത്തില്‍ ചൂണ്ടിക്കാട്ടി.