പ്ലസ് വൺ സീറ്റുകളുടെ കുറവ്; സർക്കാരിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്
പുതിയ ഹയർസെക്കണ്ടറി ബാച്ചുകളനുവദിക്കണമെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് കോടതിയെ സമീപിക്കുന്നത്.
മലപ്പുറം ജില്ലയില്‍ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാത്തതിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ജില്ലാപഞ്ചായത്ത്. പുതിയ ഹയർസെക്കണ്ടറി ബാച്ചുകളനുവദിക്കണമെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് കോടതിയെ സമീപിക്കുന്നത്.
പ്ലസ് വൺ ആദ്യഘട്ട അലോട്മെന്‍റില്‍ 77,837 അപേക്ഷകരില്‍ 30,882 പേര്‍ക്ക് മാത്രമാണ് മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് . സംവരണ വിഭാഗങ്ങളിലേക്കും മാനേജ്‌മെന്‍റ് , സ്പോര്‍ട്സ് ക്വോട്ടകളിൽ അലോട്മെന്‍റ് പൂർത്തിയായാലും നിരവധി വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാത്തവരായുണ്ടാകും .
മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് നികത്തണമെന്നാവശ്യപെട്ട് നേരത്തെ തന്നെ ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ടിരുന്നു . അലോട്മെന്‍റുകൾ ആരംഭിച്ചിട്ടും സർക്കാരിന്‍റെ ഭാഗത്ത് നിന്നും പ്രശ്ന പരിഹാര നടപടി ഇല്ലാതായതോടെയാണ് ജില്ലാ പഞ്ചായത്ത് സർക്കാരിനെതിരെ കോടതിയെ സമീപിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ വിയോജിപ്പോടെയാണ് സർക്കാരിനെതിരെ കോടതിയില്‍ കേസ് നല്‍കാനുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനം .