മലപ്പുറത്ത് റോഡ് മാറി വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ; ദുരിതത്തിലായി പ്രദേശവാസികൾ
കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീട് അടക്കമുള്ള താളിക്കുഴി റോഡാണ് വാട്ടർ അതോറിറ്റി അബദ്ധത്തിൽ വെട്ടിപ്പൊളിച്ചത്.
മലപ്പുറം: റോഡ് മാറി പൈപ്പിട്ട വാട്ടർ അതോറിറ്റിയുടെ അശ്രദ്ധമൂലം ദുരിതത്തിലായത് നാട്ടുകാർ. കാളികാവ് ഗ്രാമപഞ്ചായത്തിലാണ് റോഡിന് നടുവിലൂടെ അബദ്ധത്തിൽ പൈപ്പ് സ്ഥാപിച്ചത്. ഇതോടെ ഈ വഴിയിലൂടെ യാത്ര ചെയ്യാനാകാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. റോഡ് പഴയപടിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീട് അടക്കമുള്ള താളിക്കുഴി റോഡാണ് വാട്ടർ അതോറിറ്റി അബദ്ധത്തിൽ വെട്ടിപ്പൊളിച്ചത്. 5, 6 വാർഡുകളിലെ റോഡായ ചേരിങ്ങപ്പടി കോളനി റോഡിലാണ് ജലജീവൻ പദ്ധതി പ്രകാരം യഥാർത്ഥത്തിൽ പൈപ്പ് സ്ഥാപിക്കേണ്ടിയിരുന്നത്.
ടാറിങ് നടത്തി രണ്ടുവർഷം മാത്രമായ റോഡ് നെടുകെ പിളർത്തി പൈപ്പ് സ്ഥാപിച്ചതോടെ റോഡിലൂടെ കാൽനട യാത്രപോലും ദുരിതത്തിലാണ്. അബദ്ധത്തിനിരയായ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുമെന്ന് മാത്രമാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം.