മലപ്പുറം കിഴിശ്ശേരിയിലെ ആൾക്കൂട്ട മർദനം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്
രാജേഷിനെ അടിച്ച് അവശനാക്കി കൊണ്ടിരുത്തിയ സ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടങ്ങുന്ന ഡിവി എടുത്തുമാറ്റി എന്നതാണ് ഇയാൾക്കെതിരായ കുറ്റം
മലപ്പുറം: മലപ്പുറം കീഴിശ്ശേരി ആൾക്കൂട്ട കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ഒൻപതാം പ്രതി സൈനുലാബ്ദീനുമായാണ് തെളിവെടുപ്പ്. രാജേഷ് മഞ്ചി വെള്ളിയാഴ്ച മാത്രമാണ് ജോലിയെടുത്തതെന്നും ഇയാളെ കുറിച്ച് കൂടുതൽ അറിയില്ലെന്നും രാജേഷ് ജോലിചെയ്ത ഗോഡൗൺ ജീവനക്കാരൻ പ്രതികരിച്ചു.
സൈനുലാബ്ദീൻ രാജേഷിനെ മർദിച്ച കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ, രാജേഷിനെ അടിച്ച് അവശനാക്കി കൊണ്ടിരുത്തിയ സ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടങ്ങുന്ന ഡിവി എടുത്തുമാറ്റി എന്നതാണ് ഇയാൾക്കെതിരായ കുറ്റം. ഡിവി ഇയാൾ വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചുവെന്നും പോലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ നിന്നാണ് സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവി പോലീസ് കണ്ടെടുത്തത്.
ദൃശ്യങ്ങൾ എങ്ങനെയാണ് മാറ്റിയത് എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് സൈനുലാബ്ദീനിൽ നിന്ന് തേടുന്നത്. കേസിൽ എട്ട് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെ കൂടാതെയാണ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് സൈനുലാബ്ദീനെ കൂടി കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ബിഹാർ സ്വദേശി രാജേഷ് മഞ്ചി എന്നയാൾ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇപ്പോൾ അറസ്റ്റിലായ എട്ടുപേർ ചേർന്ന് ഇയാളെ ക്രൂരമായി മർദിച്ചുവെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. 12 മണിക്കാണ് ഇയാളെ പിടികൂടിയത്. പിന്നീട് രണ്ടുമണിവരെ ഏതാണ്ട് രണ്ടുമണിക്കൂർ നേരം മർദനം തുടർന്നു.