'വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി, വഴി തിരിച്ചുവിട്ട് കാട്ടിലെത്തിച്ചു'; വഴിക്കടവിൽ യുവതി നേരിട്ടത് ക്രൂരപീഡനം

സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്

Update: 2022-09-04 07:01 GMT
Editor : abs | By : Web Desk
Advertising

മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയായ യുവതി നേരിട്ടത് അതിക്രൂരമായ പീഡനം. വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് പ്രതി ജലീഷ് ബാബു യുവതിയെ ഓട്ടോയിൽ കയറ്റിയതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ വഴി തിരിച്ചുവിട്ട് ആളൊഴിഞ്ഞ ഇരുൾകുന്ന് എന്ന സ്ഥലത്തു വച്ചായിരുന്നു അതിക്രമം. വ്യാഴാഴ്ച ഏഴരയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;

'സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി ഡ്രൈവറായ പ്രതി ആളൊഴിഞ്ഞ കാടിനടുത്തുള്ള ഇരുൾകുന്ന് എന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. ഇത്തരം, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ ശക്തമായി നേരിടണമെന്ന നിർദേശമാണ് പൊലീസിന് കിട്ടിയിട്ടുള്ളത്.'

മരുത അയ്യപ്പൻകൊട്ടിയിലെ തോരപ്പ ജലീഷ് ബാബു എന്ന ബാബുവാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. 

Full View

മുപ്പതിനായിരം ബലാത്സംഗക്കേസുകൾ

2021ൽ 31,677 ബലാത്സംഗക്കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. 2020ൽ ഇത് 28,046 ആയിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 15.3 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഭർത്താവും ഭർതൃബന്ധുക്കളും പ്രതികളായ ഗാർഹികപീഡനക്കേസുകളാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 31.8 ശതമാനവും.

1091ൽ വിളിക്കാം

സ്ത്രീകൾ സുരക്ഷാ പ്രശ്‌നങ്ങൾ നേരിട്ടാൽ ഏതുസമയത്തും 1091 എന്ന ഹെൽപ് ലൈന്‍ നമ്പറിൽ വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. വിളിക്കുന്നയാളുടെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ ഉടനെത്തും. ബസിലോ പൊതുവഴിയിലോ വീട്ടിലോ ആയാൽ പോലും ധൈര്യമായി വിളിക്കാം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ തങ്ങളുടെ അധികാര പരിധിയല്ലെന്ന കാരണം പറഞ്ഞ് കേസെടുക്കാതിരിക്കരുതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിർദേശം. ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമാണ് ചെയ്യേണ്ടത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News