പ്രത്യാശയുടെ പൊന്നിൻ ചിങ്ങം; പുതുവർഷത്തിലേക്ക് കടന്ന് കാർഷിക കേരളം

കതിരുത്സവം കൊണ്ടാടിയും, നാടൻ പലഹാരങ്ങൾ ഉണ്ടാക്കിയും ചിങ്ങത്തെ ആഘോഷിച്ചിരുന്ന ദിവസങ്ങൾ പതുക്കെ പഴങ്കഥകളാവുകയാണ്. കർഷകരുടെ ഓർമകളിലാണ് ആ നല്ല കാലം.

Update: 2023-08-17 01:34 GMT
Advertising

ദാരിദ്ര്യവും ദുരിതവും മാത്രം പറയാനുണ്ടായിരുന്ന പഞ്ഞമാസമെന്ന കള്ളകർക്കടകത്തിന് പിന്നാലെ പ്രത്യാശയുടെ പൊന്നിൻ ചിങ്ങം എത്തുകയാണ്. പാടത്ത് നിറഞ്ഞ പൊൻകതിരുകൾ പുതു വർഷത്തെ വരവേൽക്കും. ഒരോ കർഷകനും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളാണ് ഇനി. എന്നാൽ, കതിരുത്സവം കൊണ്ടാടിയും, നാടൻ പലഹാരങ്ങൾ ഉണ്ടാക്കിയും ചിങ്ങത്തെ ആഘോഷിച്ചിരുന്ന ദിവസങ്ങൾ പതുക്കെ പഴങ്കഥകളാവുകയാണ്. കർഷകരുടെ ഓർമകളിലാണ് ആ നല്ല കാലം. 

ചിങ്ങം വന്നെത്തുമ്പോൾ മഴയുടെ പുതപ്പ് മാറ്റി കൂടെ നിൽക്കുന്ന പ്രകൃതിയായിരുന്നു കർഷകന്റെ ഉറ്റ സുഹൃത്ത്. പക്ഷെ, ഇന്നവൾ പിണക്കത്തിലാണ്. കർക്കടകത്തിൽ പ്രകൃതി മഴയെ സമ്മാനിച്ചില്ല. ഇതോടെ ആശങ്കയിലായ നെൽചെടികളും കതിരിടാൻ മറന്നു. ചിങ്ങം ഒന്നിന്ന് പൊന്നണിഞ്ഞ് സുന്ദരിയായി നിൽക്കേണ്ട പാടങ്ങൾക്കും പച്ചപ്പിൽ ഒതുങ്ങേണ്ടി വന്നതിന്റെ ചെറിയ പരിഭവമുണ്ട്. പ്രകൃതിയുടെ ഈ പിണക്കത്തിന്റെ കാരണം കർഷകർക്കുമറിയില്ല.  

രണ്ടാം വിള നെല്ലിന്റെ വില ലഭിക്കാത്തതും കർഷകരുടെ ബുദ്ധിമുട്ടിനെ ഇരട്ടിയാക്കുന്നു. കർഷക ദിനത്തിന്റെ ഭാഗമാകാനില്ലെന്ന് പാലക്കാട്ടെ കർഷകർ തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം കെടുതിയും വറുതിയും നിറഞ്ഞ കർക്കടത്തിന്റെ തമാശകളായിരിക്കാം. ഇന്നു മുതൽ സമ്പൽസമൃദ്ധിയുടെ ചിങ്ങമാണ്. എല്ലാ ദുരിതവും അവസാനിച്ച് നല്ല ദിവസങ്ങൾ വരുമെന്ന വിശ്വാസമുണ്ട് ഒരോ കർഷകനും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News