വീരാജ്‌പേട്ടയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കവർച്ച; എട്ടു മലയാളികൾ അറസ്റ്റിൽ
ബംഗളൂരുവിൽനിന്ന് പാനൂരിലേക്ക് വരികയായിരുന്ന മലയാളികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി രണ്ടര ലക്ഷം രൂപയാണ് സംഘം കവർന്നത്
കല്‍പറ്റ: കർണാടക വീരാജ്‌പേട്ടയിലെ ഗോണിക്കുപ്പയിൽ മലയാളി സംഘം സഞ്ചരിച്ച കാറിനു മുന്നിൽ വ്യാജ അപകടം സൃഷ്ടിച്ച് കവർച്ച നടത്തിയ സംഭവത്തിൽ എട്ടുപേരെ അറസ്റ്റിൽ. മലയാളികളാണ് വീരാജ്‌പേട്ട പൊലീസിന്റെ പിടിയിലായത്.
തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ്(27), എസ്. ഷെറിൻലാൽ(30), ജി. അർജുൻ (32), തിരുവങ്ങാട് സ്വദേശി ഇ.സി ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം. ജംഷീർ (29), സി.ജെ ജിജോ (31) പന്ന്യന്നൂർ സ്വദേശി സി.കെ.ആകാശ് (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബംഗളൂരുവിൽനിന്ന് പാനൂരിലേക്ക് വരികയായിരുന്ന കാർ യാത്രക്കാരെ തടഞ്ഞുനിർത്തി രണ്ടര ലക്ഷത്തോളം രൂപയാണ് സംഘം കവർന്നത്. കണ്ണൂർ ജില്ലയിലെ പാനൂർ സ്വദേശികളായ ഷബിൻ, സഹോദരൻ ജിതിൻ, സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയായിരുന്നു കവർച്ച. ബംഗളൂരു മഡിവാളയിൽ ഹോട്ടൽ നടത്താനായി മുറിനോക്കാൻ പോയി നാട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം.
ഗോണിക്കുപ്പയിൽ വെച്ച് ഇവർ സഞ്ചരിച്ച ഓൾട്ടോ കാറിൽ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ വന്ന് മനപൂർവ്വം ഇടിക്കുകയായിരുന്നു. തുടർന്ന് തങ്ങളുടെ കാറിൽ ഇടിച്ചെന്നു പറഞ്ഞ് പ്രതികൾ പ്രശ്‌നമുണ്ടാക്കി. ഷബിൻ അടക്കമുള്ള നാലുപേരെയും പുറത്തേക്ക് വലിച്ചിറക്കി. അമിതവേഗത്തിലായിരുന്നെന്നും അകത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞ് സംഘം കാർ പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന പണവുമായി സംഘം രക്ഷപ്പെട്ടത്.
സംഭവത്തിനു പിന്നാലെ ഷബിൻ വീരാജ്‌പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചത് വാടകയ്‌ക്കെടുത്ത വാഹനങ്ങളിലായിരുന്നു. പ്രതികളിൽ ചിലർ മുൻപും ചില കേസുകളിൽ പ്രതികളാണെന്നും കേരള പൊലീസുമായി ബന്ധപെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വീരാജ്‌പേട്ട ഡിവൈ.എസ്.പി നിരഞ്ചൻ രാജരസ് പറഞ്ഞു. തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതിനാൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Summary: Eight Malayalees arrested in robbery of Malayalees in Virajpet, Karnataka