'ലുക്ക് ഔട്ട് നോട്ടീസൊന്നും ഇല്ല, എല്ലാം നിയമപരമായി നേരിടും': മല്ലു ട്രാവലർ
'ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല'
കൊച്ചി: പീഡനപരാതിയിൽ തനിക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസൊന്നും വന്നിട്ടില്ലെന്ന് വ്‌ളോഗർ ഷാക്കിർ സുബ്ഹാൻ. ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്നും എല്ലാം നിയമപരമായി നേരിടുമെന്നും ഷാക്കിർ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് ഷാക്കിറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഷാക്കിറിന്‍റെ പോസ്റ്റ്
ഒത്തു തീർപ്പിന് ക്ഷണിച്ചിട്ടില്ല, ശ്രമിക്കുകയും ഇല്ല, ലുക്ക് ഔട്ട് നോട്ടീസ് ഇതുവരെ ഇഷ്യൂ ചെയ്തിട്ടില്ല. ഞാൻ പറഞ്ഞു. നിയമപരമായി നമ്മൾ നേരിടും. പിന്നെ ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ത് കാര്യങ്ങൾ ചെയ്യാൻ ആണോ അതൊക്കെ ചെയ്‌തെ വരികയുള്ളൂ അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമെ എനിക്ക് വരേണ്ട കാര്യമുള്ളൂ. കോൺഫിഡന്റോട് കൂടി പറയട്ടെ ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാം ഞങ്ങളുടെ കയ്യിലുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മത്രമെ ഉള്ളൂ. അത് വരെ അവർ ആഘോഷിക്കട്ടെ അതുകഴിഞ്ഞ് നമുക്ക് ആഘോഷിക്കാം.
കഴിഞ്ഞദിവസം സൗദി യുവതി എറണാകുളം ജില്ലാ കോടതിയിലെത്തി രഹസ്യമൊഴി നൽകിയിരുന്നു. യുവതിയുടെ പരാതിയിൽ 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവദിവസം ഇരുവരും ഒരേ ടവർ ലോക്കേഷനിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒപ്പം കൊച്ചിയിലെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു.അതേസമയം, ഷാക്കിര്‍ സുബ്ഹാനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് സൗദി യുവതി. എന്നാൽ താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷാക്കിര്‍ രംഗത്തെത്തിയിരുന്നു.