ഗുഡ്സ് ഓട്ടോയിടിച്ച് അസം സ്വദേശിക്ക് ദാരുണാന്ത്യം; കൊലപാതകമെന്ന് പൊലീസ്, അറസ്റ്റ്
റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് നാട്ടുകാർ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്


മലപ്പുറം: കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഇതരസംസ്ഥാന സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ അസം സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
അപകടമരണമെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അസം സ്വദേശി അഹദുൽ ഇസ്‍ലാമിനെ ഗുഡ്സ് ഓട്ടോറിക്ഷ ഇടിക്കുന്നത്. എന്നാല്‍ റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഹദുൽ ഇസ്‍ലാമിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയായ ഗുൽജാർ ഹുസൈനെ അരീക്കാട് വെച്ച് അറസ്റ്റ് ചെയ്യുന്നത്.
ഇരുവരും തമ്മില്‍ നേരത്തെ പണവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിനിടെ പ്രതിയായ ഗുൽജാർ ഹുസൈനെ മരിച്ച അഹദുൽ ഇസ്‍ലാം മര്‍ദിച്ചു. ഇതിന്‍റെ പ്രതികാരമായാണ് ഗുൽജാർ ഹുസൈന്‍ അഹദുൽ ഇസ്‍ലാമിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു. പ്രതിയായ ഗുൽജാർ ഹുസൈന്‍ 15 വര്‍ഷമായി കൊണ്ടോട്ടിയില്‍ താമസിച്ചുവരികയാണ്. ഭാര്യയും മൂന്നുമക്കളും ഇയാളോടൊപ്പം കൊണ്ടോട്ടിയിലുണ്ട്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.