മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും

കോവിഡാനന്തരമുള്ള ആദ്യ തീർഥാടന കാലത്തിനാണ് ശബരിമല ഒരുങ്ങുന്നത്

Update: 2022-11-16 02:17 GMT
Advertising

പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിൽ വിളക്ക് തെളിയിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിയിക്കും. പതിനെട്ടാം പടിക്ക് കീഴെ ആഴിയിൽ അഗ്‌നി പകരുന്നതോടെ പതിനെട്ടാം പടി കയറ്റം ആരംഭിക്കും. സന്നിധാനത്ത് ഇന്ന് പ്രത്യേക പൂജകൾ ഇല്ല. നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും സ്ഥാനാരോഹണവും ഇന്നുണ്ടാവും.നാളെ മുതൽ ഡിസംബർ 27 വരെയാണ് തീർഥാടന കാലം. ദർശനത്തിനെത്തുന്നവർക്ക് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാക്കിയിട്ടുണ്ട്

കോവിഡാനന്തരമുള്ള ആദ്യ തീർഥാടന കാലത്തിനാണ് ശബരിമല ഒരുങ്ങുന്നത്. അതിനാൽ തന്നെ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവും പ്രതീക്ഷിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ അയ്യപ്പൻ മാർ എത്തുമെന്നാണ് സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തൽ. അതിനാൽ തന്നെ വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധമാണ്. നിലയ്ക്കൽ അടക്കം 13 ഇടത്താവളങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഉണ്ടാകും. 40 ലക്ഷത്തോളം പേരെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. നടതുറക്കുന്നതിന് മുന്നോടിയായി തന്നെ നൂറുകണക്കിന് അയ്യപ്പൻമാർ നിലയ്ക്കലിൽ എത്തിയിട്ടുണ്ട്. കോവിഡ് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ പ്രത്യേക കരുതലെടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്

തിരക്ക് ഒഴിവാക്കാൻ ഒരേ സമയം സന്നിധാനത്തും പരിസരത്തും 2 ലക്ഷം പേരെയെ അനുവദിക്കൂ. സുരക്ഷാ മുൻകരുതലുകൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി. റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനായി സേഫ് സോൺ പ്രവർത്തനം ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വിശുദ്ധിസേനയേയും നിയോഗിച്ചിട്ടുണ്ട്. കുടിവെള്ളം, ടോയ്‌ലറ്റ് സംവിധാനം എന്നിവ സജ്ജീകരിക്കുന്നുണ്ട്. 200 ഓളം കെ.എസ്.ആർ.ടി.സി ബസുകൾ പമ്പ നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തും.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News