മണിപ്പൂരിലെ ബി.ജെ.പി വംശീയ ഉന്മൂലന അജണ്ട തിരിച്ചറിയണം-സോളിഡാരിറ്റി
'ക്രൈസ്തവ വിഭാഗവുമായി സമുദായസമ്പർക്കവും ആഘോഷ ആശംസാ കൈമാറ്റവുമൊക്കെ നടത്തുന്ന ബി.ജെ.പി നേതാക്കളിൽ വഞ്ചിതരാകുന്നവർക്കുള്ള പാഠം കൂടിയാണ് മണിപ്പൂർ.'
കോഴിക്കോട്: കുടിയിറക്കലിന്റെയും പൗരത്വ നിഷേധത്തിന്റെയും ഭീതിയിൽ തുടരുന്ന മണിപ്പൂരിലെ ന്യൂനപക്ഷ-ക്രിസ്ത്യൻ-ഗോത്ര വിഭാഗങ്ങളെ പുറന്തള്ളാനുള്ള ഹിന്ദുത്വ വംശീയ അജണ്ടയുടെ ഫലമാണ് മണിപ്പൂരിൽ തുടർന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തേയി സമുദായക്കാർക്ക് സംവരണാനുകൂല്യവും പട്ടികവർഗ പദവിയും നൽകാൻ തീരുമാനിച്ചതാണ് ഇപ്പോഴുള്ള കലാപത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നതെന്നും നേതാക്കൾ പറഞ്ഞു.
ഭരണകൂട പദവികളിലും വിദ്യാഭ്യാസ തൊഴിൽ മേഖലകളിലും നിലവിൽ അധിക പ്രാതിനിധ്യം അനുഭവിക്കുന്നവരാണ് മെയ്‌തേയി വിഭാഗം. ഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളായ കുക്കികളും നാഗകളുമുൾപ്പെടെ മണിപ്പൂരിൽ 35 ഗോത്രവർഗ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്. ഇക്കൂട്ടത്തിലേക്ക്, സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്‌തേയി സമുദായത്തെക്കൂടി ഉൾപ്പെടുത്തുന്നതോടെ വലിയ പുറന്തള്ളലിനാകും ന്യൂനപക്ഷ-ഗോത്ര വിഭാഗങ്ങൾ സാക്ഷിയാകുകയെന്ന് സോളിഡാരിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടി.
'2017ൽ അധികാരത്തിലേറുകയും 2022ൽ ഒരു വിഭാഗം ക്രിസ്ത്യൻ വിഭാഗത്തിന്റെ കൂടെ പിന്തുണയോടെ അധികാരം നിലനിർത്തുകയും ചെയ്ത ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് കീഴിൽ ക്രൈസ്തവ-ഗോത്ര വിഭാഗങ്ങളോടുള്ള വംശീയ ആക്രമണങ്ങൾ വലിയ അളവിൽ വർധിക്കുകയാണ് ചെയ്തത്. അനധികൃത കുടിയേറ്റം എന്നുപറഞ്ഞ്, മലയോര മേഖലകളിൽ വലിയ തോതിലുള്ള കുടിയിറക്കൽ നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാനത്ത് എൻ.ആർ.സി നടപ്പാക്കണമെന്ന മൈതേയി വിഭാഗങ്ങളിലെ വ്യത്യസ്ത സംഘടനകളുടെ ആവശ്യത്തിനും ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു.'
ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങളോട് തുടർന്ന് കൊണ്ടിരുന്ന വംശീയ പദ്ധതികളുടെ തുടർച്ചയായിട്ട് വേണം ഇപ്പോഴത്തെ സംവരണ ആനുകൂല്യത്തെയും നോക്കിക്കാണാൻ. അമ്പതിൽപരം ആളുകൾ കൊലചെയ്യപ്പെട്ട കലാപത്തിൽ നിരവധി ദേവാലയങ്ങളും സ്ഥാപനങ്ങളും തകർക്കുകയും പതിനായിരക്കണക്കിനു പേരെ പലായനത്തിനു നിർബന്ധിക്കുകയും ചെയ്തിരിക്കുന്നു. അക്രമികളെ അമർച്ച ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ബി.ജെ.പി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസ്സംഗത സംശയകരമാണ്. ക്രൈസ്തവ വിഭാഗവുമായി സമുദായസമ്പർക്കവും ആഘോഷ ആശംസ കൈമാറ്റവുമൊക്കെ നടത്തുന്ന ബി.ജെ.പി നേതാക്കളിൽ വഞ്ചിതരായി പോകുന്നവർക്കുള്ള പാഠം കൂടിയാണ് മണിപ്പൂർ മുന്നോട്ടുവയ്ക്കുന്നത്. ന്യൂനപക്ഷ മതവിഭാഗക്കാരും ഗോത്രവർഗക്കാരുമായവരുടെ അവകാശങ്ങൾ കവരുന്നതിനും അവരെ ആട്ടിപ്പായിക്കുന്നതിനും സംഘ്പരിവാർ ഒരിക്കലും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് പറയുകയാണ് മണിപ്പൂരിലെ സംഭവവികാസങ്ങളെന്നും സോളിഡാരിറ്റി നേതാക്കൾ കൂട്ടിച്ചേർത്തു.
Summary: The Solidarity Youth Movement says that the ongoing racist attacks in Manipur are a result of the Hindutva-racist agenda to oust Manipur's minority-Christian-tribal communities, who continue to fear displacement and denial of citizenship.