'കർണാടകയിലെ ബിജെപി നേതാക്കളും വീടുകൾ കയറിയിറങ്ങി പണമെറിഞ്ഞു'; ആരോപണവുമായി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്

നോട്ടുനിരോധനത്തിലൂടെയും റഫാൽ ഇടപാടിലൂടെയും പെട്രോൾ വിലവർധനയിലൂടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ കോർപറേറ്റ് കൈക്കൂലിയുടെ വലിയൊരു വിഹിതമാണ് കേരളത്തിൽ കാവിപ്പതാക പറപ്പിക്കാനുള്ള ദുരാഗ്രഹത്തിൽ ഡൽഹിയിൽനിന്ന് കാസർകോട്ടേക്ക് ഒഴുകിയതെന്നും അഷ്‌റഫ് ആരോപിച്ചു

Update: 2021-06-06 05:18 GMT
Editor : Shaheer | By : Web Desk
Advertising

കള്ളപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്ക് മുറുകന്നതിനിടെ പ്രതികരണവുമായി മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്. മഞ്ചേശ്വരം പിടിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികൾ വാരിയെറിയുന്നുണ്ടെന്ന് ആളും പരിവാരവുമായി ഹെലികോപ്റ്ററിൽ പറന്നിറങ്ങിയപ്പോഴേ പറഞ്ഞതാണെന്ന് അഷ്‌റഫ് പറഞ്ഞു. കർണാടകയിലെ ബിജെപി എംഎൽഎമാരും മന്ത്രിമാരും എംപിമാരും മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി പണമെറിഞ്ഞിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

നോട്ടുനിരോധനത്തിലൂടെയും റഫാൽ ഇടപാടിലൂടെയും പെട്രോൾ വിലവർധനയിലൂടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ കോർപറേറ്റ് കൈക്കൂലിയുടെയും അഴിമതിപ്പണത്തിന്റെയും വലിയൊരു വിഹിതമാണ് കേരളത്തിൽ കാവിപ്പതാക പറപ്പിക്കാനുള്ള ദുരാഗ്രഹത്തിൽ ഡൽഹിയിൽനിന്ന് കാസർകോട്ടേക്ക് ഒഴുകിയത്. വെറും 400 വോട്ട് നേടാനിടയുണ്ടായിരുന്ന ബിഎസ്പി സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ ബിജെപി 15 ലക്ഷവും വൈൻ ഷോപ്പും വാഗ്ദനം ചെയ്തിട്ടുണ്ടെങ്കിൽ അവർ ഒരുവോട്ടിന് എത്ര വിലയിട്ടിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അഷ്‌റഫ് കൂട്ടിച്ചേർത്തു.

മുഴുവൻ പോസ്റ്റ് വായിക്കാം

എനിക്കെതിരായി തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനെതിരായ വിവാദങ്ങളും ആരോപണങ്ങളും മണിക്കൂറുകളുടെ ഇടവേളകളിൽ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണല്ലോ. എല്ലാം പണവുമായി ബന്ധപ്പെട്ട വാർത്തകൾ..!

ആളും പരിവാരവുമായി ഹെലികോപ്റ്ററിൽ പറന്നിറങ്ങിയപ്പോഴേ ഞങ്ങൾ പറഞ്ഞതാണ്, മഞ്ചേശ്വരം പിടിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികൾ വാരിയെറിയുന്നുണ്ടെന്ന്! കർണാടകയുടെ ബിജെപി എംഎൽഎമാരും മന്ത്രിമാരും എംപിമാരും വീടുകൾ കയറി പണമെറിഞ്ഞിട്ട് തന്നെയാണ് സംഘ്പരിവാറിന്റെ പ്രതിനിധി മഞ്ചേശ്വരത്ത് മത്സരിച്ചത്.

Full View

വെറും നാന്നൂറ് വോട്ട് നേടാനിടയുണ്ടായിരുന്ന ബിഎസ്പി സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ ബിജെപി പതിനഞ്ച് ലക്ഷവും വൈൻ ഷോപ്പും ഓഫർ ചെയ്തിട്ടുണ്ടെങ്കിൽ അവർ ഒരു വോട്ടിന് എത്ര വിലയിട്ടിട്ടുണ്ടായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ! നോട്ട് നിരോധനത്തിലൂടെയും റഫാൽ ഇടപാടിലൂടെയും പെട്രോൾ വിലവർധിപ്പിക്കുന്നതിലൂടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ കോർപറേറ്റ് കൈക്കൂലിയുടെയും അഴിമതിപ്പണത്തിന്റെയും വലിയൊരു വിഹിതം തന്നെയാണ് കേരളത്തിന്റെ കവാടത്തിൽ കാവിപ്പതാക പറപ്പിക്കാനുള്ള ദുരാഗ്രഹത്തിൽ ഡൽഹിയിൽനിന്ന് കാസർകോട്ടേക്ക് ഒഴുകിയത്!

ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇവരാണ് ആക്ടിവിസ്റ്റുകൾക്കും കലാകാരന്മാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വയം ദേശസ്‌നേഹിയാണെന്ന് മേനിനടിച്ചുനടന്നത്. രാജ്യത്തിൻറെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News