പല പൊലീസുകാരും ചെയ്യുന്നത് ദാസ്യവേല, ജയരാജനെ മുഖ്യൻ പരസ്യമായി സംരക്ഷിച്ചു: വി.ഡി സതീശൻ
പൊലീസിൽ ദാസ്യവേല ചെയ്യുന്നവരുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല, ദാസ്യവേല ആവർത്തിച്ചാൽ അവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലീസിനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പല പൊലീസ് ഉദ്യോഗസ്ഥരും ചെയ്യുന്നത് ദാസ്യവേലയാണെന്നും ഇ.പി ജയരജനെ മുഖ്യമന്ത്രി പരസ്യമായി സംരക്ഷിച്ചുവെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ആളുകളുടെ സാമാന്യബോധത്തെയും പൊതു ബോധത്തെയും വെല്ലുവിളിക്കുന്നു. സ്വർണക്കടത്ത് കേസിൽ ശ്രദ്ധ തിരിക്കാനാണ് ഇതെല്ലാം ചെയ്യുന്നത്. പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമെന്ന വാക്ക് രണ്ട് തവണ ഉച്ചരിക്കുക മാത്രമാണുണ്ടായത്. അതിനെതിരായി അവർക്കെതിരെ വധ ശ്രമത്തിന് കള്ളക്കേസെടുത്തു. മുൻ എം.എൽ.എ ശബരീനാഥിനെതിരെയും കള്ളക്കേസുണ്ടാക്കി വധശ്രമത്തിന് കേസെടുത്തു. എന്തൊരു നീതിയാണിതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോവുകയെന്നത് തന്നെയായിരുന്നു തങ്ങൾക്കു മുന്നിലെ വഴിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൊലീസിൽ ദാസ്യവേല ചെയ്യുന്നവരുടെ പേര് വെളിപ്പെടുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. ദാസ്യവേല ആവർത്തിച്ചാൽ അവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടി വരും. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ ഡിജിപ്പിക്ക് പരാതി നൽകിയിരുന്നു. ധൈര്യമുണ്ടെങ്കിൽ കേസെടുക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. മുഖ്യമന്ത്രി ഇത്ര ഭീരുവായി പോയല്ലോയെന്നാണ് ചിന്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.