പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മുഖ്യമന്ത്രിക്ക് കത്തയച്ച് കട്‍ജു, നടപടിയില്ലെങ്കില്‍ രാജി വയ്ക്കണം

ഈ കുറ്റകൃത്യത്തിന് മുഖ്യമന്ത്രിയും സര്‍ക്കാരും നേരിട്ട് ഉത്തരവാദികളാണെന്നും കട്ജു വിമര്‍ശിച്ചു

Update: 2023-07-13 07:00 GMT
Editor : Jaisy Thomas | By : Web Desk

ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

Advertising

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും സര്‍ക്കാരിനെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി പറഞ്ഞു. ഫേസ്ബുക്കിലൂടെ കത്ത് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ഈ കുറ്റകൃത്യത്തിന് മുഖ്യമന്ത്രിയും സര്‍ക്കാരും നേരിട്ട് ഉത്തരവാദികളാണെന്നും കട്ജു വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഭാഗമായവര്‍ എല്ലാവരും ഒരുപാട് സംസാരിക്കുന്നവരാണ്. പക്ഷേ കുറച്ച് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ബോധ്യപ്പെട്ടു. കഴിഞ്ഞ ദിവസം മലപ്പുറം സന്ദര്‍ശിച്ചപ്പോള്‍ പത്താം ക്ലാസില്‍ 90 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും ഉന്നത വിദ്യാഭ്യാസത്തിനായി സീറ്റ് ലഭിക്കാത്ത നിരവധി കുട്ടികള്‍ ഉണ്ടെന്ന് മനസിലായി. ഈ ചെറുപ്പക്കാരുടെ ജീവിതം നശിപ്പിക്കുന്നതിനെ വലിയ കുറ്റമായാണ് ഞാന്‍ കാണുന്നത്. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാരിലെ വിവിധ നേതാക്കളെയും എം.എല്‍.എമാരെയും ബന്ധപ്പെട്ടിട്ടും പരാതികളെല്ലാം ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. കേരള നിയമസഭാ സ്പീക്കര്‍ ഷംസീറിനോടും മറ്റൊരു മുസ്‌ലിം ലീഗ് എം.എല്‍.എയോടും ഞാന്‍ ഈ പ്രശ്‌നം സൂചിപ്പിച്ചു. സീറ്റ് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ ഓഫീസ് വിടുക. ഈ കത്തിന് ശരിയായ പ്രതികരണം ഉടന്‍ ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും ജസ്റ്റിസ് കട്ജു മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസവും ഈ വിഷയത്തില്‍ ജസ്റ്റിസ് കട്ജു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു. നിയമസഭാ സ്പീക്കറും എം.എൽ.എയും പങ്കെടുത്ത വേദിയിലാണ് വിമർശനം. പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തവർ രാജിവെച്ചു വീട്ടിൽ പോകണം. കുട്ടികളുടെ ജീവിതംവെച്ച് കളിക്കുന്നവർ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നുവെന്നും കട്ജു പറഞ്ഞു. മലപ്പുറം നിയോജകമണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലയിൽ പത്താംക്ലാസ് വിജയിച്ചവരുടെ എണ്ണവും പ്ലസ് വൺ സീറ്റുകളുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്. കുട്ടികൾ വലിയ പ്രതീക്ഷയോടെയാണ് പഠിക്കുന്നത്. ഭാവിയിൽ ഡോക്ടറും എഞ്ചിനീയറുമെല്ലാം ആവണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ഉപരിപഠനസൗകര്യം സർക്കാർ ഒരുക്കണം. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറുമെല്ലാം കരുതിയാൽ ഈ പ്രശ്‌നം പരിഹരിക്കാനാവും. ഇത് നീട്ടിക്കൊണ്ടുപോകുന്നത് കുട്ടികളോട് ചെയ്യുന്ന കുറ്റകൃത്യമാണെന്നും കട്ജു പറഞ്ഞിരുന്നു.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News