മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയേയും പ്രതിയാക്കി
റിപ്പോർട്ടർ ഗൂഢാലോചന നടത്തിയെന്നാണ് ആർഷോയുടെ പരാതിയിൽ ആരോപിക്കുന്നത്.
കൊച്ചി: മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിചിത്ര നടപടിയുമായി പൊലീസ്. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയേയും കേസിൽ പ്രതിയാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസിൽ അഞ്ചാം പ്രതിയാണ് അഖില. റിപ്പോർട്ടർ ഗൂഢാലോചന നടത്തിയെന്നാണ് ആർഷോയുടെ പരാതിയിൽ ആരോപിക്കുന്നത്.
മാർക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആർഷോയുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാർട്ട്‌മെന്റ് കോർഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പലാണ് രണ്ടാം പ്രതി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം കേസിൽ അന്വേഷണം തുടങ്ങിയിട്ടും ഇതുവരെ എഫ്.ഐ.ആർ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ പുറത്തുവിടണമെന്ന സുപ്രിംകോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് പൊലീസ് കുറ്റാരോപിതരിൽനിന്ന് എഫ്.ഐ.ആർ മറച്ചുവെക്കുന്നത്.