ലക്ഷങ്ങള്‍ വാങ്ങി വിവാഹം, പിന്നീട് വധു മുങ്ങും; വിവാഹത്തട്ടിപ്പ് സംഘം പിടിയില്‍

പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിവാഹത്തട്ടിപ്പ് നടത്തി വന്ന സംഘം പൊലീസ് പിടിയില്‍

Update: 2022-01-05 09:11 GMT
Advertising

വിവാഹത്തട്ടിപ്പ് സംഘം അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിവാഹത്തട്ടിപ്പ് നടത്തി വന്ന സംഘമാണ് പൊലീസ് പിടിയാലായത്. ഇവര്‍ അൻപതോളം വിവാഹത്തട്ടിപ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കി. കൊഴിഞ്ഞാമ്പാറ പൊലീസാണ് അഞ്ചുപേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലെ മാരേജ് ബ്യൂറോയിലൂടെ വിവാഹ പരസ്യം നൽകിയ സേലം പോത്തനായകം പാളയം മണികണ്ഠനെ തട്ടിപ്പ് സംഘം പാലക്കാട് ഗോപാലപുരത്തേക്ക് പെണ്ണുകാണലിനായി ക്ഷണിച്ചു. ഡിസംബർ 12 ന് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് ചായയുമായി തട്ടിപ്പ് സംഘത്തിൽ ഉൾപെട്ട സജിത എത്തി. പെൺകുട്ടിയുടെ അമ്മക്ക് അസുഖമായതിനാൽ വേഗം വിവാഹം നടത്തണമെന്ന് ബന്ധുക്കളെന്ന വ്യാജേന കൂടെ ഉള്ളവർ പറഞ്ഞു.

ഒന്നര ലക്ഷം രൂപ വാങ്ങിയ ശേഷം ഗോപാലപുരത്ത് വെച്ച് വിവാഹം നടത്തി. സജിതയും , സഹോദരനെന്ന വ്യാജേന കാർത്തികേയനും വരനായ മണികണ്ഠന്റെ സേലത്തെ വീട്ടിലേക്ക് പോയി. അമ്മക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങിയ വധു സജിതയെ കുറിച്ച് നവ വരൻ മണികണ്ഠന് പിന്നീട് ഒരു വിവരവുമില്ലതായി. തുടർന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിൽ മണികണ്ഠന്‍ പരാതി നൽകിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പ്രതികളെ പിടികൂടിയത്.

സമാനമായ അൻപതോളം തട്ടിപ്പുകൾ സംഘം നടത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കൂടുതലായും തമിഴ്നാട്ടിലുള്ളവരാണ് തട്ടിപ്പിനിരയായത്. കാർത്തികേയൻ, സുനിൽ എന്നിവരെ ചിറ്റൂർ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. സജിത, സഹീദ , ദേവി എന്നിവരെ ജാമ്യത്തിൽ വിട്ടയച്ചു. സംഘത്തിൽ ഇനിയും അഞ്ച് പേരെകൂടി പിടികൂടാനുണ്ട്. തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിരവധി വിവാഹ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News