കണ്ണീരോര്‍മയായി മാര്‍ട്ടിനും കുടുംബവും
കോട്ടയം കൂട്ടിക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ മരിച്ചത്
കോട്ടയം കൂട്ടിക്കലിൽ ഉരുള്‍പൊട്ടലില്‍ മരിച്ച മാർട്ടിന്‍റേയും കുടുംബാംഗങ്ങളുടെയും സംസ്കാര ചടങ്ങുകൾ കാവാലി പള്ളിയിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഒരേ കുടുംബത്തിലെ ആറ് ജീവനുകളാണ് അപകടം കവര്‍ന്നെടുത്തത്. കാവാലി സെന്‍റ് മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. പള്ളിക്ക് തൊട്ടടുത്താണ് മാര്‍ട്ടിന്‍റെ വീടുണ്ടായിരുന്നത്. പള്ളിയിൽ സ്ഥിരമായി വരുന്നവരായിരുന്നത് കൊണ്ട് തന്നെ നാട്ടുകാര്‍ക്ക് സുപരിചിതരായിരുന്നു മാര്‍ട്ടിന്‍റെ കുടുംബം. ഒരുകുടുംബത്തിലെ ആറുപേരും ഒരേ ദിവസം മരിക്കുന്ന ദുരന്തം പ്രദേശത്ത് ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ദുഖസാന്ദ്രമായ അന്തരീക്ഷമാണ് ഇപ്പോള്‍ കൂട്ടിക്കലില്‍.
പള്ളിമുറ്റത്ത് മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. മൃതദേഹം അല്‍പസമയത്തിനകം സംസ്കരിക്കും. മന്ത്രിമാരായ വി എൻ വാസവൻ, കെ രാധാകൃഷ്ണൻ എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് കല്ലറയിൽ ആറ് പേരെയും സംസ്‌കരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആദ്യ ദിവസം തന്നെ കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കിട്ടിയിരുന്നു. ഇന്നലെയാണ് മാർട്ടിന്‍റേയും രണ്ട് പെൺമക്കളുടേയും മൃതദേഹം കിട്ടിയത്. മാര്‍ട്ടിന്‍റെ മൃതദേഹം താഴേക്ക് ഒലിച്ച് പോയിരിക്കുകയായിരുന്നു.