'അനാഥാലയങ്ങളിൽ നിന്ന് ടി.വീണ പണം പറ്റി'; മാസപ്പടി വീണ്ടും നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ
സോഷ്യൽ മീഡിയയിൽ കൈയടി കിട്ടാൻ സ്ഥിരമായി ഈ വിഷയം ഉന്നയിക്കരുതെന്ന് സ്പീക്കർ
തിരുവനന്തപുരം: മാസപ്പടി ആരോപണം വീണ്ടും നിയമസഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ. വ്യവസായ വകുപ്പ് ചർച്ചക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ ടി.വീണക്കെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണ പണം പറ്റി എന്ന് വ്യക്തമാക്കുന്നെന്ന് കുഴൽനാടൻ പറഞ്ഞു.
കോടതിയിൽ നിൽക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞു കൊണ്ട് കുഴൽനാടന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു.
രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ ഉയർത്തിയാണ് കുഴൽനാടൻ വിഷയം സഭയിൽ ഉന്നയിച്ചത്. സോഷ്യൽ മീഡിയയിൽ കൈയടി കിട്ടാൻ സ്ഥിരമായി ഈ വിഷയം ഉന്നയിക്കരുത് എന്ന് സ്പീക്കർ മാത്യുകുഴൽനാടനോട് പറഞ്ഞു. താൻ എന്ത് പ്രസംഗിക്കണമെന്ന് സ്പീക്കർ തീരുമാനിക്കേണ്ട എന്നായിരുന്നു മാത്യുവിന്റെ മറുപടി.
രജിസ്ട്രാർ ഓഫ് കമ്പനീസ് എക്സാലോജിക്കിന് നൽകിയ രേഖകൾ ഉയർത്തിയായിരുന്നു മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന്‍റെ പുതിയ ആരോപണം. അനാഥാലയങ്ങൾക്ക് എല്ലാവരും സാമ്പത്തിക സഹായം അങ്ങോട്ട് ചെയ്യുമ്പോൾ മുഖ്യമന്ത്രിയുടെ മകൾ അനാഥാലയങ്ങളിൽ നിന്ന് എല്ലാ മാസവും മാസപ്പടി കൈപ്പറ്റിയെന്ന് രേഖകൾ ഉയർത്തി മാത്യു നിയമസഭയിൽ ആരോപിച്ചു.
മാസപ്പടി വിവാദം സ്ഥിരമായി സഭയിൽ ഉന്നയിക്കുന്നതിനെതിരെ സ്പീക്കർ രംഗത്ത് വന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം സഭയിൽ ഉന്നയിക്കേണ്ടെന്ന് സ്പീക്കർ നിലപാടെടുത്തു. സോഷ്യൽ മീഡിയയ്ക്ക് വേണ്ടി പ്രസംഗിക്കാൻ പാടില്ലെന്ന് സ്പീക്കർ പറഞ്ഞു.മാസപ്പടി വിവാദം മാത്യുക്കുഴൽ നാടൻ ആവർത്തിച്ചതോടെ സ്പീക്കറുമായി തർക്കമുണ്ടായി. പി.വി ഞാനല്ല എന്ന് ആർജ്ജവത്തോടെ മുഖ്യമന്ത്രി കോടതിയിൽ പറയുമോയെന്ന് കുഴൽനാടൻ വെല്ലുവിളിച്ചു. മാസപ്പടി വിവാദത്തിൽ ഇതുവരെ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും മാത്യു നിയമസഭയിൽ പറഞ്ഞു.