വത്തിക്കാനില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ല; ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സിനഡ് തീരുമാനം നടപ്പാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും മാറ്റിവെക്കണം
ഏകീകൃത കർബാന ക്രമം നടപ്പാക്കേണ്ടെന്ന ബിഷപ്പ് മാർ ആന്‍റണി കരിയിലിന്‍റെ നിർദേശം ആശയ കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് തൃശൂർ അതിരൂപത. നാളെ മുതൽ പുതുക്കിയ കുർബാന രീതി നടപ്പാക്കണമെന്ന് നിർദേശിച്ച് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സർക്കുലർ പുറത്തിറക്കി.
എന്നാല്‍ സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. സിനഡ് തീരുമാനം നടപ്പാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും മാറ്റിവെക്കണം. വത്തിക്കാനിൽ നിന്ന് ഏകീകൃത കുർബാന മാറ്റണം എന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ''സിറോ മലബാര്‍ സഭയുടെ ഐക്യത്തിലുള്ള വളര്‍ച്ച ലക്ഷ്യമാക്കി സഭയുടെ സിനഡ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി 2021 നവംബര്‍ 28ന് നടപ്പിലാക്കുക എന്നത്. സിനഡിന്‍റെ ഈ തീരുമാനത്തില്‍ നിന്നു മെത്രാപ്പൊലീത്തന്‍ വികാരി എറണാകുളം-അങ്കമായി അതിരൂപതക്ക് ഒഴിവ് നല്‍കിയതായി മാധ്യമങ്ങളില്‍ നിന്നും അറിയിച്ചു. എന്നാല്‍ പരിശുദ്ധ സിംഹാസനത്തില്‍ നിന്നും ഇതും സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല'' കര്‍ദിനാള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ പുതിയ ഏകീകൃത കുർബാന ക്രമം വേണ്ടതില്ലെന്ന് വത്തിക്കാന്‍ അറിയിച്ചതായി അതിരൂപത ബിഷപ്പ് ആന്‍റണി കരിയിൽ അറിയിച്ചിരുന്നു. ബിഷപ്പ് വത്തിക്കാനിലെത്തി പോപ്പുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയ്ക്ക് വത്തിക്കാന്‍ അനുമതി നൽകിയെന്നും ബിഷപ്പ് വ്യക്തമാക്കിയിരുന്നു.