ഇസ്രായേൽ അതിക്രമത്തിനെതിരെ തിരുവനന്തപുരത്ത് ബഹുജന റാലി
ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് അവസാനിച്ചത്
തിരുവനന്തപുരം: ഫലസ്തീന് മേലുള്ള ഇസ്രായേല്‍ അതിക്രമത്തിനെതിരെ തിരുവനതപുരത്തു ബഹുജന റാലി സംഘടിപ്പിച്ചു. ഫലസ്‌തീൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലാരുന്നു റാലി.
ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് അവസാനിച്ചത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.
ഇസ്രായേൽ അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച റാലി സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായിരുന്നു.
റാലിക്ക് ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുസമ്മേളനം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫലസ്തീനിൽ ലോകം കാണുന്നത് കൊടും ക്രൂരതയാണ്. ഇസ്രായേലിനൊപ്പം നിൽക്കുന്ന നയം ഇന്ത്യ മാറ്റണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് നേതാവ് പാലോട് രവി, ജെ.ഡി.എസ് നേതാവ് നീല ലോഹിത ദാസൻ നാടാർ, മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്ര ബാബു, യൂസുഫ് ഉമരി, എസ് അമീൻ, കടക്കൽ ജുനൈദ്, പാളയം ഇമാംവി.പി. സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.