വയനാട്ടിൽ ആദിവാസി കോളനികളിൽ വൻ സാമ്പത്തിക തട്ടിപ്പ്; വർഷങ്ങൾക്കിടെ കടബാധിതരായത് നൂറുകണക്കിനാളുകൾ
വയനാട്ടിലെ അതി ദരിദ്ര ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം
വയനാട്ടിൽ ആദിവാസികളെ കുരുക്കിലാക്കി വൻ സാമ്പത്തിക തട്ടിപ്പ്. ആദിവാസികൾ മുഖേന വായ്പ വാങ്ങി പുറത്തുനിന്നുള്ള സംഘം തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ. വർഷങ്ങളായി തുടരുന്ന തട്ടിപ്പിനിടെ പനമരം പഞ്ചായത്തിലും മാനന്തവാടി മുനിസിപ്പാലിറ്റിയിലും കടബാധിതരായത് നൂറുകണക്കിന് ആദിവാസികൾ.
വയനാട്ടിലെ അതി ദരിദ്ര ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം. മാനന്തവാടി ചെറ്റപ്പാലം ആസ്ഥാനമായുള്ള ഭാരത് മൈക്രോഫിനാൻസ് എന്ന സ്വകാര്യ ധനമിടപാട് സ്ഥാപനം ആധാർ കാർഡും ഐഡൻറിറ്റി കാർഡും ബയോമെട്രിക് വിവരങ്ങളും മാത്രം ശേഖരിച്ച് ആദിവാസികൾക്ക് വായ്പ പാസാക്കും. പിന്നീട് ഫിനാൻസ് സ്ഥാപനവുമായി അടുത്ത ബന്ധമുള്ള ഇടനിലക്കാരോ ഏജന്റുമാരോ ഇതിൽ ചെറിയൊരു തുക മാത്രം ആദിവാസികൾക്ക് നൽകി ബാക്കി പണം കൈക്കലാക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഇതോടെ അയ്യായിരമോ ആറായിരമോ രൂപ മാത്രം ലഭിച്ച ആദിവാസികൾ വൻ തുകയുടെ കടബാധിതരാകും
വായ്പയാണെന്ന് പോലും അറിയാതെ കെണിയിൽ ചെന്നു ചാടിയ നിരക്ഷരരായ നൂറുകണക്കിന് ആദിവാസികളാണ് ജില്ലയിലുടനീളം ഇങ്ങനെ വിവിധ കോളനികളിലായി വൻ തുകയുടെ കട ബാധിതരായിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ പനമരം പഞ്ചായത്തിലെയും മാനന്തവാടി മുനിസിപ്പാലിറ്റിയിലെയും വിവിധ അടിയ, പണിയ കോളനികളിൽ ഈ സംഘം എത്തിയിരുന്നു. ദിവസവും നൂറുകണക്കിന് ആദിവാസികളെയാണ് ഇവർ ഇപ്പോഴും ചെറ്റപ്പാലത്തെ പലിശ സ്ഥാപനത്തിനു മുന്നിൽ ലോണിനായി എത്തിക്കുന്നത്.