സമരപ്പന്തൽ തകര്‍ത്തു, മൃതദേഹം പിടിച്ചെടുത്ത് പൊലീസ്; ആശുപത്രിയിലേക്ക് മാറ്റി
മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.
കൊച്ചി: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്.
പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം തുടരുന്നതിനിടെ പോലീസ് ലാത്തി വിശുകയായിരുന്നു. പിന്നീട് മൃതദേഹം അടക്കം സൂക്ഷിച്ചിരുന്ന സമരപന്തൽ പൊളിച്ച് നീക്കി. ഇതിന് പിന്നാലെയാണ് പോലീസ് ബലംപ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയത്.
ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്നാടന് എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോതമംഗലം ടൗണിൽ പ്രതിഷേധിച്ചത്. ഇടുക്കി നേര്യമംഗലത്ത് ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടത്. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണൻ(78) ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്.
Watch Video