അരുവിക്കര ക്ഷേത്രത്തിൽ വൻ കവർച്ച ; ഒന്നരലക്ഷം രൂപയും രണ്ട് പവൻ സ്വർണവും മോഷണം പോയി
സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിലെ ഇരുമ്പ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. ഒന്നരലക്ഷത്തോളം രൂപയും രണ്ട് പവൻ സ്വർണവുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് മോഷണം നടന്നത്.
ക്ഷേത്രം വൃത്തിയാക്കാൻ എത്തിയവരാണ് കാണിക്കവഞ്ചി തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻ ക്ഷേത്രഭാരവാഹികളെ വിവരം അറിയിച്ചു. മുൻഭാഗത്തെ കാണിക്കവഞ്ചിക്ക് പുറമേ മറ്റ് ഏഴ് കാണിക്കവഞ്ചികളും മോഷ്ടാക്കൾ കുത്തിപൊളിച്ചു. ഓഫീസിലെ മൂന്ന് വാതിലുകളും തകർത്തു. അലമാരയിലുണ്ടായിരുന്ന രണ്ട് പവന്റെ മാലയും പൂജാരിയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും മോഷണം പോയി. ക്ഷേത്രത്തിൽ ഒന്നരലക്ഷം രൂപയുടെ മോഷണം നടന്നതായി ഭാരവാഹികൾ പറഞ്ഞു.
ഞായറാഴ്ച രാത്രി ഒരുമണിയോടെ മോഷണം നടന്നെന്നാണ് സൂചന. പൊലീസ് ക്ഷേത്രത്തിൽ എത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. ക്ഷേത്രത്തിന് സമീപത്തൂടെ രണ്ട് പേർ ബൈക്കിൽ വരുന്നതും കമ്പിയുമായി ക്ഷേത്രപരിസരത്തേക്ക് കടക്കുന്നതും സിസിടിവിയിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അടുത്തിടെ മോഷണ പരമ്പര അരങ്ങേറിയിരുന്നു.