എം.ജിയിൽ വിദ്യാർഥിനികൾക്ക് പ്രസവാവധി

സംസ്ഥാനത്ത് പഠനകാലയളവിനെ ബാധിക്കാത്ത രീതിയിൽ വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ ഒരു സർവകലാശാല തീരുമാനമെടുക്കുന്നത് ആദ്യമായാണ്.

Update: 2022-12-24 09:40 GMT
Advertising

കോട്ടയം: ഡിഗ്രി, പി.ജി വിദ്യാർഥിനികൾക്ക് സെമസ്റ്റർ മുടങ്ങാതെ പ്രസവാവധി അനുവദിക്കാൻ എം.ജി സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിന് സിൻഡിക്കേറ്റ് നിയോഗിച്ച കമ്മീഷന്റെ ശിപാർശകൾക്ക് പ്രോ വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാറിന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന യോഗം അംഗീകാരം നൽകി.

സംസ്ഥാനത്ത് പഠനകാലയളവിനെ ബാധിക്കാത്ത രീതിയിൽ വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ ഒരു സർവകലാശാല തീരുമാനമെടുക്കുന്നത് ആദ്യമായാണ്. സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രൊഫഷനൽ കോഴ്‌സുകൾ (നോൺ ടെക്‌നിക്കൽ) എന്നിവയിലെ 18 കഴിഞ്ഞ വിദ്യാർഥിനികൾക്കാണ് 60 ദിവസത്തെ പ്രസവ അവധി അനുവദിക്കുക. പ്രസവത്തിന് മുമ്പോ ശേഷമോ ഈ അവധി എടുക്കാം. പൊതു അവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉൾപ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗർഭഛിദ്രം, ഗർഭാലസ്യം, ട്യുബക്ടമി തുടങ്ങിയ സാഹചര്യങ്ങളിൽ 14 ദിവസത്തെ അവധി അനുവദിക്കും.

സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആർ. അനിത, ഡോ. എസ്. ഷാജില ബീവി, ഡോ. ബിജു പുഷ്പൻ, ഡോ. ജോസ് എന്നിവരടങ്ങിയ കമ്മീഷനാണ് വിദ്യാർഥിനികളുടെ പ്രസവാവധി സംബന്ധിച്ച ശിപാർശ സമർപ്പിച്ചത്.

അവധി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ:

  • ആദ്യത്തെയോ രണ്ടാമത്തെയോ ഗർഭധാരണത്തിന് മാത്രമാണ് അവധി അനുവദിക്കുക.
  • ഒരു കോഴ്‌സിന്റെ കാലയളവിൽ ഒരുതവണ മാത്രമാണ് അവധി എടുക്കാൻ കഴിയുക.
  • പ്രസവ അവധിക്കൊപ്പം മറ്റ് അവധികൾ ഉൾപ്പെടുത്താൻ പാടില്ല.
  • പ്രസവ അവധി ആരംഭിക്കുന്ന തീയതിക്ക് കുറഞ്ഞത് മൂന്നു ദിവസം മുമ്പ് അപേക്ഷ നൽകണം.
  • സെമസ്റ്ററിന് ഇടയിൽ പ്രസവാവധി എടുക്കുന്നവരെ അതേ സെമസ്റ്ററിന്റെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിക്കും.
Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News