ബെഞ്ച് വെട്ടിപ്പൊളിച്ചത് തെറ്റായ നടപടി; ആ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്

Update: 2022-07-21 08:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുവെന്ന് ആരോപിച്ച് ബെഞ്ചു വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരുമെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.

ആര്യയുടെ വാക്കുകള്‍

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്‍റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്‍റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ.

അല്‍പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്‍റെ എന്‍.ഒ.സി ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങൾ.


Full View

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാൻ കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റിൽ പരിഷ്കാരങ്ങള്‍ വരുത്തിയതിനെതിരെയാണ് തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ മാസ് മറുപടി നല്‍കിയത്. കോളേജിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ കണ്ടത് ഒരുമിച്ച് ഇരിക്കുന്ന ബെഞ്ചിന് പകരം ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന കസേരകളാണ്. ആദ്യം സംഭവം മനസിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇതോടെ പ്രതിഷേധവും ഉയർന്നു. ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ആൺകുട്ടികളുടെ മടിയിൽ പെൺകുട്ടികൾ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്‍റെ ചിത്രവും വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News