പ്രതിപക്ഷം കോർപ്പറേഷന് മുന്നിൽ നടത്തുന്നത് സമരമല്ല, തോന്ന്യാസമാണ്: ആനാവൂർ നാഗപ്പൻ

കത്ത് വിവാദത്തിൽ ഫോണിലൂടെ മൊഴി നൽകിയെന്ന ആരോപണം തള്ളി ആനാവൂർ നാഗപ്പൻ

Update: 2022-11-14 09:49 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ പ്രതിപക്ഷം കോർപ്പറേഷനു മുന്നിൽ നടത്തുന്ന പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. പ്രതിപക്ഷം കോർപ്പറേഷനു മുന്നിൽ നടത്തുന്നത് സമരമല്ലെന്നും തോന്ന്യാസമാണെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. പൊതുജനങ്ങൾക്ക് കോർപ്പറേഷനിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം ശക്തയാർജിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൈക്കോടതിയിൽ ഹരജി നൽകിയിട്ട് സമരം നടത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി തീരുമാനം എന്തായാലും നടപ്പാക്കുമല്ലോ. സമരം അവസാനിക്കണമെങ്കിൽ മാധ്യമങ്ങളുടെ നിലപാട് മാറണമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. അതേസമയം കത്ത് വിവാദത്തിൽ ഫോണിലൂടെ മൊഴി നൽകിയെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളുകയും ചെയ്തു. 'ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നേരിട്ടാണ് നൽകിയത്. മൊഴിപ്പകർപ്പിൽ ഒപ്പിട്ട് നൽകിയിട്ടുമുണ്ട്. ഫോണിലൂടെ ഒപ്പിട്ട് കൊടുക്കാനുള്ള മന്ത്രവാദം തനിക്കറിയില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ കാറിൽ കരിങ്കൊടി കെട്ടി. നഗരസഭയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് തടയുകയും ചെയ്തു. നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപ്പറേഷനു മുമ്പിൽ സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം നഗരസഭാ കത്ത് വിവാദത്തിൽ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡി.ആർ അനിലിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. തന്റെ പേരിൽ പുറത്തുവന്ന കത്ത് നശിപ്പിച്ചതായും മേയറുടെ കത്തിന്റെ സ്‌ക്രീൻഷോട്ട് മാത്രമാണ് ലഭിച്ചതെന്നുമാണ് അനിലിന്റെ മൊഴി. നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കാനാണ് വിജിലൻസ് തീരുമാനം. മേയർ ആര്യാ രാജേന്ദ്രന്റേതായി പുറത്തുവന്ന കത്ത് വ്യാജമെന്ന് കണ്ടെത്തുമ്പോഴും കത്തിന്റെ ഹാർഡ് കോപ്പി കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. കത്തിന്റെ സ്‌ക്രീൻഷോട്ട് മാത്രമാണ് ഇതുവരെ പുറത്തുവന്നത്. കത്തിന്റെ ഒർജിനൽ കണ്ടെത്താൻ നഗരസഭയിലെ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. കത്ത് വാട്‌സ്ആപ് ഗ്രൂപ്പിലിട്ട ഡി.ആർ അനിലിന്റെ മൊഴിയെടുത്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News