മാപ്പ് പറഞ്ഞില്ലെങ്കില്‍ മീഡിയവണിനെയും കൈരളിയെയും എന്‍റെ അടുത്തുവരാന്‍ അനുവദിക്കില്ല: ഗവര്‍ണര്‍

ഷാബാനു കേസ് മുതല്‍ മീഡിയവണിന് തനിക്കെതിരെ മുന്‍വിധിയാണെന്ന് ഗവര്‍ണര്‍

Update: 2022-11-08 13:27 GMT
Advertising

കൊച്ചി: മീഡിയവണ്‍, കൈരളി ചാനലുകള്‍ തന്നോട് മാപ്പ് പറയണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജമാഅത്തെ ഇസ്‍ലാമിയും സി.പി.എമ്മും ഒരുപോലെയാണ്. അവര്‍ കേഡറുകളെ പരിശീലിപ്പിക്കുന്നു. അവര്‍ തന്നെ ലക്ഷ്യംവെയ്ക്കുകയാണ്. ഷാബാനു കേസ് മുതല്‍ മീഡിയവണിന് തനിക്കെതിരെ മുന്‍വിധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ട്വന്‍റിഫോർ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

മീഡിയവണിനെയും കൈരളിയെയും വിലക്കിയതിനു കാരണമെന്തെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടി ഇങ്ങനെയായിരുന്നു- "ജമാഅത്തെ ഇസ്‍ലാമിയുടെ സ്ഥാപകൻ മൗദൂദിയെ വായിച്ചിട്ടുണ്ടോ? ജമാഅത്തെ ഇസ്‍ലാമിയും മീഡിയവണും തമ്മിൽ വ്യത്യാസമില്ല". ജമാഅത്തെ ഇസ്‍ലാമി നിരോധിത സംഘടനയല്ലല്ലോ എന്ന ചോദ്യത്തിന് നിരോധിച്ചോ ഇല്ലയോ എന്നത് വിഷയമല്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. പക്ഷേ മൗദൂദിയെ കുറിച്ച് താൻ കൃത്യമായി വായിച്ചിട്ടുണ്ട്. ലോകത്തെ നിരവധിയിടങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതിന് മൗദൂദിയെയാണ് പണ്ഡിതന്മാർ കുറ്റക്കാരനായി കണക്കാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

"എന്നെ ലക്ഷ്യം വച്ചുള്ള അവരുടെ പ്രവർത്തനം തുടങ്ങിയിട്ട് നാളേറെയായി. എന്റെ ട്വീറ്റിൽ വിമർശനം എന്ന വാക്കില്ലായിരുന്നു. പക്ഷേ അവര്‍ അങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്ഭവൻ പിആർഒ ഇരു മാധ്യമങ്ങളെയും ഇക്കാര്യം അറിയിച്ചതാണ്. അത് മാറ്റാമെന്ന് ഇരു മാധ്യമങ്ങളും ഉറപ്പ് നൽകിയെങ്കിലും അവരത് മാറ്റിയില്ല. കൈരളി പോലുള്ള കേഡർ മീഡിയയോട് സംസാരിക്കില്ലെന്ന് ഞാൻ ഉറപ്പിച്ചതാണ്. മീഡിയവണും സമാന രീതിയിലുള്ള മാധ്യമമാണ്. അവർക്ക് നിരവധി മുൻവിധികളുണ്ട്"- ഗവര്‍ണര്‍ പറഞ്ഞു.

രാജ്ഭവന്‍ ക്ഷണിച്ചിട്ടല്ലേ ഇരു മാധ്യമങ്ങളും വന്നതെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടിയിങ്ങനെ- "അവർ രാജ്ഭവൻ പിആർഒയോട് പറഞ്ഞു, തങ്ങളുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിക്കില്ലെന്ന്. എന്നെ വിമർശിക്കുന്നതല്ല പ്രശ്‌നം. കൈരളിയും മീഡിയവണും എന്നെ ലക്ഷ്യം വെയ്ക്കുകയാണ്. 2019ൽ ആദിവാസികൾക്കൊപ്പം അൽപനിമിഷം ചെലവിടാനും അവരുടെ പ്രശ്‌നങ്ങൾ അറിയാനും പൊന്മുടിയിലേക്ക് എനിക്ക് ക്ഷണം ലഭിച്ചു. അന്ന് മീഡിയവൺ പറഞ്ഞത് ഞാൻ ആസ്വദിക്കാൻ പോയതാണ് എന്നാണ്. ഞാൻ ചെന്നൈ, മുംബൈ, ബംഗളൂരു ഇവിടെയെല്ലാം പോകുന്നുണ്ട്. പൊന്മുടിയിൽ പോകുന്നതിന് വിമർശിക്കേണ്ട കാര്യമുണ്ടോ?"

ഇരുമാധ്യമങ്ങളോടുമുള്ള സമീപനത്തിൽ ഒരിക്കലും അയവ് വരുത്തില്ലേ എന്ന ചോദ്യത്തിന് തന്‍റെ അടുത്ത് പോലും വരാൻ അവരെ അനുവദിക്കില്ലെന്നായിരുന്നു മറുപടി. കൈരളിയും മീഡിയവണും മാപ്പ് പറയണം. മാപ്പ് പറഞ്ഞാൽ മാത്രം തുടർന്ന് സഹകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News