മീഡിയവൺ വിലക്ക്: ഹൈക്കോടതി വിധി നിരാശപ്പെടുത്തുന്നത്-പോപുലർ ഫ്രണ്ട്

ഭരണഘടനയും അതിലെ മൗലികാവകാശങ്ങളും പരിഗണിക്കാതെ ഭരണകൂടത്തിന്റെ പ്രതികാര നടപടികളെ മുഖവിലക്ക് എടുക്കുന്ന സമീപനം കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും.

Update: 2022-03-02 16:16 GMT
Advertising

മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രനടപടി ചോദ്യം ചെയ്ത് നൽകിയ ഹരജി തള്ളിക്കൊണ്ട് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ വിധിപ്രസ്താവം നിരാശപ്പെടുത്തുന്നതാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ്. നിസാർ പറഞ്ഞു. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തി ഭരണകൂടത്തിന്റെ വാദം മാത്രം കണക്കിലെടുത്താണ് കോടതി വിധിപറഞ്ഞിട്ടുള്ളത്. ഭരണഘടനയും അതിലെ മൗലികാവകാശങ്ങളും പരിഗണിക്കാതെ ഭരണകൂടത്തിന്റെ പ്രതികാര നടപടികളെ മുഖവിലക്ക് എടുക്കുന്ന സമീപനം കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന് ജുഡീഷ്യറി മൗനസമ്മതം മൂളുകയാണ് ചെയ്യുന്നത്. രാജ്യസുരക്ഷ എന്നത് രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും ബാധ്യതയാണ്. അതിനെ സീൽ ചെയ്ത കവറിലാക്കി സർക്കാരിന്റെ സ്വകാര്യ വിഷയമാക്കി വെക്കുന്നത് അതിന്റെ മറവിൽ ഭരണകൂട വേട്ടയ്ക്ക് കളമൊരുക്കാനാണ്. അത് തിരുത്താൻ ഉത്തരവാദിത്തമുള്ള കോടതികൾ മൗനം പാലിക്കുന്നതിലൂടെ കോടതികളും പക്ഷപാതത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കാൻ ജനങ്ങൾ നിർബന്ധിക്കപ്പെടുകയാണ്.

പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കുകയും ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ നിയമനടപടികളുടെ നൂലാമാലകളിൽ കുടുക്കി നിശബ്ദമാക്കാനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കേണ്ടതുണ്ട്. നീതിക്ക് വേണ്ടിയുള്ള മീഡിയവണിന്റെ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും എസ്. നിസാർ പ്രസ്താവനയിൽ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News