മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ വിധി ഇന്ന്

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ നഗരേഷ് വിധി പറയുന്നത്

Update: 2022-02-08 01:37 GMT
Advertising

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്യുന്ന ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മീഡിയവൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ നഗരേഷ് വിധി പറയുന്നത്. ഇന്നലെ കേസ് പരിഗണിക്കവേ കേന്ദ്ര സർക്കാർ സമർപ്പിക്കുമെന്ന് വ്യക്തമാക്കിയ രേഖകളുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് മീഡിയവൺ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രേഖകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച ശേഷം വിധി പറയാമെന്നും കോടതി വ്യക്തമാക്കി.

ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നുമാണ് മീഡിയവണ്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രവർത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ളിയറൻസിനുമായി അപേക്ഷ നൽകിയെങ്കിലും നിരസിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഒരു തവണ ലൈസൻസ് നൽകിയാൽ അത് ആജീവനാന്തമായി കാണാൻ ആകില്ലെന്നും സെക്യൂരിറ്റി വിഷയങ്ങളിൽ കാലാനുസൃത പരിശോധനകൾ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും 300ല്‍ അധികം ജീവനക്കാരുടെ ഉപജീവനമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും കേസില്‍ കക്ഷിചേര്‍ന്ന് മീഡിയവണ്‍ എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ അറിയിച്ചു.

എന്നാല്‍ ഈ ഹരജി നിലനില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ജീവനക്കാർക്കും യൂണിയനും കേന്ദ്ര നടപടി ചോദ്യംചെയ്ത് കോടതിയെ സമീപിക്കാൻ ആകില്ല. ഇത് കമ്പനിയും സർക്കാരും തമ്മിലുള്ള വിഷയം ആണെന്നായിരുന്നു വാദം. ജീവനക്കാർക്ക് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ തൊഴിൽ ഉടമയെ സമീപിക്കണമെന്നും എ.എസ്.ജി അറിയിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഫയലുകള്‍ പരിശോധിച്ച ശേഷം ഇന്ന് രാവിലെ തുറന്ന കോടതിയില്‍ വിധി പറയാമെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News