പ്രൊഫഷണൽ മാധ്യമ പ്രവർത്തനത്തിന്‍റെ ഒമ്പത് വര്‍ഷങ്ങള്‍; മീഡിയവണ്‍ പത്താം വര്‍ഷത്തിലേക്ക്

വസ്തുത കലർപ്പില്ലാതെ ഉറക്കെപ്പറഞ്ഞ, അരികുവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉച്ചത്തിലുന്നയിച്ച വാർത്താ സംസ്കാരത്തിന്‍റെ ഒമ്പതാണ്ടുകളാണ് കഴിഞ്ഞുപോയത്

Update: 2022-02-10 01:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രൊഫഷണൽ മാധ്യമ പ്രവർത്തനത്തിന്‍റെ ഒമ്പതുവർഷം പൂർത്തിയാക്കി മീഡിയവണ്‍. വസ്തുത കലർപ്പില്ലാതെ ഉറക്കെപ്പറഞ്ഞ, അരികുവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉച്ചത്തിലുന്നയിച്ച വാർത്താ സംസ്കാരത്തിന്‍റെ ഒമ്പതാണ്ടുകളാണ് കഴിഞ്ഞുപോയത്. വസ്തുനിഷ്ഠ മാധ്യമ പ്രവർത്തനത്തിന്‍റെ മുള്ളു നിറഞ്ഞ വഴിയിൽ ഭരണകൂടം ഏർപ്പെടുത്തിയ രണ്ടാം വിലക്കിനെ നേരിടുകയാണ് പത്താം വാർഷികത്തില്‍ മീഡിയവണ്‍.

നിവർന്നു നിന്നു തന്നെ മാധ്യമ പ്രവർത്തനം നടത്തിയാണ് മീഡിയവണ്‍ പത്താം വർഷത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെയും ദേശീയ തലത്തിലെയും സൂക്ഷ്മമായ ഓരോ ചലനങ്ങളെയും വാർത്താ ഫ്രെയിമിലെത്തിക്കുന്നതില്‍ മീഡിയവണ്‍ അതീവ ശ്രദ്ധ പുലർത്തി. രാഷ്ട്രീയത്തിലും സംസ്കാരത്തിലും സമൂഹ ജീവിതത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ ചലനങ്ങളും മീഡിയവൺ ക്യാമറ ഒപ്പിയെടുത്തു.

പ്രളയവും ഓഖിയും കൊറോണയും കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തിന്‍റെ പുതുചരിത്രമെഴുതി മീഡിയവണ്‍. ദുർബല വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്‍റെ ശബ്ദമായി, ഭരണകൂട വീഴ്ചകൾ തുറന്നുകാട്ടുന്ന വിസില്‍ ബ്ലോവറായി മീഡിയവണ്‍ നിലനിന്നു.രാജ്യതലസ്ഥാനത്തെ ഇളക്കി മറിച്ച പൗരത്വ പ്രക്ഷോഭവും കർഷക സമരവും ഹഥ്റാസ് പ്രതിഷേധവുമെല്ലാം വീര്യം ചോരാതെ ജനങ്ങളിലെത്തിച്ചു. കായിക രംഗത്തെ തുടിപ്പുകള്‍ അതിർത്തി ഭേദിച്ച് മീഡിയവണ്‍ ഫ്രെയിമിലെത്തി.

ഗൗരവമേറിയ വാർത്താ ചർച്ചകളിലെ മേല്‍ക്കോയ്മ നിലനിർത്തിയ മീഡിയവണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പുതിയ ചലനമുണ്ടാക്കി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ കാരണമില്ലാത്ത വിലക്കിനെ നിയമപരമായി നേരിടുന്ന ഘട്ടത്തിലാണ് മീഡിയവണിന്‍റെ ഒമ്പതാം വാർഷികവും വരുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളുടെ വികാരങ്ങളും വിചാരങ്ങളും മലയാളിക്ക് മുന്നിലെത്തിക്കുന്നതില്‍ ഇന്നും മീഡിയവണ്‍ മുന്‍പന്തിയിലാണ്. രാംനാഥ് ഗോയങ്കെ അവാർഡ് , റെഡ് ഇങ്ക് അവാർഡ് അടക്കമുള്ള പ്രസിദ്ധമായ പുരസ്കാരങ്ങൾ മീഡിയവണിന്‍റെ ഈ വാർത്താ മികവിനെ തേടിവന്നു. വെല്ലുവിളികൾ നിറഞ്ഞ മുള്ളു പാതകളിലൂടെ ഉറച്ച കാൽവെപ്പുകളോടെ മീഡിയവൺ മുന്നോട്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News