സോളാർ പീഡനക്കേസിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു
പരാതിയെ സാധൂകരിക്കുന്ന രീതിയിൽ ലൈംഗിക ആരോപണത്തിനുതകുന്ന ഒരു തെളിവും ഉമ്മൻ ചാണ്ടിക്കതിരെയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു. പരാതിയെ സാധൂകരിക്കുന്ന രീതിയിൽ ലൈംഗിക ആരോപണത്തിനുതകുന്ന ഒരു തെളിവും ഉമ്മൻ ചാണ്ടിക്കതിരെയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട സി.ബി.ഐ നടത്തിയ അന്വേഷണത്തെ തുടർന്ന് കേസ് അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിന്റെ കൺക്ലൂഷൻ പാർട്ടാണ് മീഡിയവണിന് ലഭിച്ചത്.
20കാരണങ്ങൾ ചൂണ്ടികാണിച്ച് കൊണ്ടാണ് ഈ പരാതികൾ നിലനിൽക്കില്ലെന്നും അതിന് തെളിവില്ലെന്നും സി.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയും കോടതിയിൽ സമർപ്പിക്കുകയും ചെയ്തത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തതാണ്. ഇതിൽ ഒന്നാമതായി എടുത്തു പറയുന്ന കാര്യം പരാതികാരി ഒരു സാരി ഹാജരാക്കുകയും അത് സി.എഫ്.എല്ലിൽ നടത്തിയ പരിശോധനയിൽ ഇതിൽ ബീജമോ ഉമനീരോ ഒന്നുമില്ല കണ്ടെത്തുകയും ചെയ്തു എന്നതാണ്.
കൂടാതെ സാക്ഷി മൊഴികൾ എടുത്തു പറയുന്നുണ്ട്. പരാതിക്കാരി പറയുന്ന ദിവസം അവർ ക്ലിഫ് ഹൗസിൽ എത്തിയതായി കണ്ടിട്ടില്ലെന്നാണ് പരാതിക്കാരി ചൂണ്ടിക്കാട്ടിയ സാക്ഷികൾ എല്ലാം തന്നെ മൊഴി നൽകിയിരിക്കുന്നത്. മറ്റൊന്ന് പരാതിക്കാരി ജയിൽ നിന്ന് എഴുതി എന്ന് പറയുന്ന കത്തുകൾ എല്ലാം പരസ്പരം വിരുദ്ധമാണെന്നുള്ളതാണ്. 'ജയിലിൽ നിന്നും 25 പേജുള്ള കത്തെഴുതുകയും പിന്നീട് പേജുകളുടെ എണ്ണം മാറുകയും ചെയ്തു. W1 എഴുതിയതായി പറയുന്ന 19 പേജുള്ള കത്തിന്റെ പകർപ്പും ടി.ജി നന്ദകുമാർ സി.ബി.ഐക്ക് മുന്നിൽ ഹാജരാക്കി. അദ്ദേഹം മറ്റൊരു മാധ്യമ സ്ഥാപനത്തിന് മുന്നിൽ ഹാജരാക്കിയ കത്തിൽ 25 പേജുണ്ട് എന്ന് കൂടി ഈ ക്ലോഷർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. പിന്നീട് അതിൽ 30 പേജുണ്ട് എന്ന് പരാതിക്കാരി അവകാശപ്പെടുകയും ചെയ്തു. എന്നാൽ ലൈംഗിക ആരോപണങ്ങളൊന്നും തന്നെ പരാമർശിക്കാതെ നാല് പേജുള്ള കത്തു മാത്രമാണ് സി.ജെ.ഐ മുമ്പാകെ ഹാജരാക്കിയതെന്നും ഈ കത്തുകളെല്ലാം പരസ്പര വിരുദ്ധമാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇതോടൊപ്പം തന്നെ പണമിടപാടുകൾ നടന്നു എന്നു പറയുന്നതിനെയും സി.ബി.ഐ അന്വേഷണ റിപ്പോർട്ടിൽ തള്ളി കളയുന്നുണ്ട്. ഇത് തെളിയിക്കാൻ ആവശ്യമായ കാര്യങ്ങളൊന്നും തെളിയിക്കാനായിട്ടില്ല എന്നാണ് പ്രധാനമായും സി.ബി.ഐ പറയുന്നത്. ചില ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് ഹാജരാക്കാനുള്ള നോട്ടീസ് നൽകിയെങ്കിലും പിന്നീട് അത് ഹാജരാക്കപ്പെട്ടില്ല. അതേസമയം വിവിധ മൊഴികളിൽ നിന്നും ഇത്തരത്തിൽ ഒരു ഡിജിറ്റൽ തെളിവില്ലെന്ന സി.ബി.ഐ കണ്ടെത്തുകയും ചെയ്തു. ഇങ്ങനെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ലൈംഗിക അതിക്രമ പരാതി തള്ളിക്കൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.