വൃക്കയടങ്ങിയ പെട്ടി തട്ടിയെടുത്തെന്ന മെഡിക്കൽ കോളജ് അധികൃതരുടെ വാദം തെറ്റ്, വഴികാട്ടിയത് സെക്യൂരിറ്റി ജീവനക്കാരന്‍; ദൃശ്യങ്ങൾ പുറത്ത്
വൃക്ക അടങ്ങിയ പെട്ടിയുമായി ഒരു സംഘം ഓടികയറിയെന്നാരോപിച്ച് മെഡിക്കൽ കോളജ് അധികൃതർ പരാതി നൽകാനൊരുങ്ങുകയാണ്
തിരുവനന്തപുരം: ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് മരിച്ച സുരേഷ് കുമാറിനായി കൊണ്ടുവന്ന വൃക്കയടങ്ങിയ പെട്ടി തട്ടിയെടുത്ത് ഒരു സംഘം ഓടിക്കയറിയെന്ന മെഡിക്കൽ കോളജ് അധികൃതരുടെ വാദം തെറ്റ്. വൃക്ക അടങ്ങിയ പെട്ടി ആംബുലൻസിൽ നിന്ന് എടുത്ത് നൽകുകയായിരിന്നു. ഇവർക്ക് വഴികാട്ടി മുന്നിൽ നടന്നത് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
എന്നാൽ വൃക്ക അടങ്ങിയ പെട്ടിയുമായി ഒരു സംഘം ഓടികയറിയെന്നാരോപിച്ച് മെഡിക്കൽ കോളജ് അധികൃതർ പരാതി നൽകാനൊരുങ്ങുകയാണ്.
ആംബുലസിലുണ്ടായിരുന്ന ഡോക്ടർമാരിൽ നിന്നും പെട്ടി തട്ടിയെടുത്ത് ഒരു സംഘം ഓടുകയായിരുന്നെന്നും കെട്ടിടത്തിൽ 8 ഓപ്പറേഷൻ തീയറ്ററുകൾ ഉണ്ടായിരുന്നു, ശസ്ത്രക്രിയക്ക് ഉദ്ദേശിക്കാത്ത ഒന്നിലേക്കാണ് ഇവർ പെട്ടിയുമായി പോയതെന്നും മെഡിക്കൽ കോളജ് അധികൃതർ പറയുന്നു.
ഈ സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. സുരക്ഷാ വിഭാഗത്തിന്റെ വിശദമായ റിപ്പോർട്ട് ലഭ്യമായ ശേഷം പരാതി നൽകാനാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്.
അതേസമയം, വൃക്ക സ്വീകരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ആരുമുണ്ടായിരുന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർ അരുൺദേവ് മീഡിയവണിനോട് പ്രതികരിച്ചിരുന്നു. സെക്യൂരിറ്റി പോലും കാര്യമറിഞ്ഞിരുന്നില്ല. ഞായറാഴ്ച ആയതിനാൽ തിരക്കും കുറവായിരുന്നു. ഡോക്ടർമാരെ ആരും കാണാത്തത് കൊണ്ടാണ് ആംബുലൻസിന്റെ ഡോറ് തുറന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ഓടിയതെന്നും അരുൺദേവ് പറഞ്ഞുവൃക്കയുമായി ഓപ്പറേഷൻ തിയേറ്ററിന്റെ അടുത്തെത്തിയപ്പോൾ അത് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 10 മിനിറ്റ് അവിടെയും കാത്തുനിന്നു. പിന്നെ ഐ.സി.യുവിൽ നിന്ന് ഒരു മെയിൽനഴ്‌സ് ഇറങ്ങിവന്നാണ് തിയേറ്ററിന്റെ അരികിലുള്ള സ്റ്റാഫുകൾക്ക് കയറാനുള്ള വാതിൽ തുറന്ന് തന്നത്. അത് വഴിയാണ് വൃക്ക ഓപ്പറേഷൻ തിയേറ്ററിന്റെ അകത്തേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.