മെഡിസെപ് ജൂലൈ മുതല്‍; ജൂണിലെ ശമ്പളം മുതല്‍ പ്രീമിയം ഈടാക്കും
വര്‍ഷം 4800 രൂപയും 18 ശതമാനം ജി.എസ്.ടിയും പ്രീമിയം ഇനത്തില്‍ പിടിക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലൈ മുതല്‍ തുടങ്ങാന്‍ ഉത്തരവ്. ജൂണ്‍ മാസം മുതലുള്ള ശമ്പളത്തില്‍ നിന്നും പ്രീമിയം പിടിക്കാന്‍ ധനകാര്യ വകുപ്പ് ഉത്തരവിറക്കി. പ്രതിമാസം 500 രൂപയാണ് ഈടാക്കുക.
വര്‍ഷം 4800 രൂപയും 18 ശതമാനം ജി.എസ്.ടിയും പ്രീമിയം ഇനത്തില്‍ പിടിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ ട്രെഷറിയിലും ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കിലും ഏര്‍പ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളിലെയും യൂണിവേഴ്സിറ്റികളിലെയും ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമാണ്. ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ എംപാനല്‍ ലിസ്റ്റ് മൂന്ന് ദിവസത്തിനകം ധനവകുപ്പ് പുറത്തിറക്കും.
ഓറിയന്‍റല്‍ ഇന്‍ഷുറന്‍സിനാണ് കരാര്‍ ലഭിച്ചിട്ടുള്ളത്. ആശുപത്രികളെ എംപാനല്‍ ചെയ്യുന്നതിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രികളെ എംപാനല്‍ ചെയ്യുന്നത് മൂന്നു ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ധനവകുപ്പ് അറിയിച്ചു. തീരുമാനമായാല്‍ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറങ്ങും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള അധ്യാപക - അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിതാടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിലും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.