മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ; 15 വീടുകൾ തകർന്നു
പേപ്പാറ വനത്തിൽ ശക്തമായി മഴ പെയ്തിരുന്നു
വിതുരയ്ക്കടുത്ത് മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ. പന്നിക്കുഴിയിൽ ഒരുവീട് പൂർണമായി 15വീടുകൾ ഭാഗികമായും തകർന്നു. ഉച്ചയ്ക്ക് ശേഷം തിരുവന്തപുരത്തെ മലയോരമേഖലയിൽ കനത്ത മഴ തുടരുകയാണ്. പേപ്പാറ വനത്തിൽ ശക്തമായി മഴ പെയ്തിരുന്നു.
അവിടെ പെയ്ത മഴയിലെ വെള്ളമാണ് മലവെള്ളപ്പാച്ചിലായി വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മീനാങ്കൽ എന്ന ഭാഗത്തേക്ക് ഒഴുകിയെത്തിയത്. അജിത കുമാരിയുടെ വീടാണ് പൂർണമായി തകർന്നത്. മറ്റ് 15 വീടുകളിൽ വെള്ളം കയറി. ആർക്കും പരിക്കേറ്റിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്ത് താമസിക്കുന്നവരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്.
നാലു ദിവസം മഴ കനക്കും. അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നത്. ഇന്നലെ പകൽ സമയം കേരളത്തിൽ പൊതുവേ മഴ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ ശക്തമാവുകയായിരുന്നു.