പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വ്യക്തിപരം, ബി.ജെ.പിയിൽ ചേരുന്നത് ചർച്ചയായില്ല -എസ്. രാജേന്ദ്രൻ

‘ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണ്’

Update: 2024-03-21 02:50 GMT
Advertising

കൊച്ചി: ബി.ജെ.പി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്ന് മുൻ സി.പി.എം എം.എൽ.എ എസ്. രാജേന്ദ്രൻ. ബി.ജെ.പിയിൽ ചേരുന്നത് ചർച്ചയായില്ല. കൂടിക്കാഴ്ചയെ രാഷ്ട്രീയപരമായി കാണേണ്ട.

കൂടിക്കാഴ്ചയിൽ ഒരു വാഗ്ദാനവും ഉണ്ടായിട്ടില്ല. ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമാണെന്നും എസ്. രാജേന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽനിന്ന് തിരിച്ചെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവികുളത്തെ മുൻ സി.പി.എം എം.എൽ.എയായ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന വാർത്തകൾ വന്നിരുന്നു. പ്രകാശ് ജാവദേക്കാറുമായി ഡൽഹിയിലെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ബി.ജെ.പിയിലേക്കില്ലെന്നും പ്ലാന്റേഷനുമായി ബന്ധപ്പട്ട ചർച്ചക്കാണ് ഡൽഹിയിൽ വന്ന് ജാവദേക്കറെ കണ്ടതെന്നുമാണ് രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.പി.എമ്മുമായുള്ള പടലപ്പിണക്കം അവസാനിപ്പിച്ച് എസ്. രാജേന്ദ്രൻ ഞായറാഴ്ച മൂന്നാറിൽ നടന്ന എൽ.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുത്തിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാൻ രാജേന്ദ്രൻ തീരുമാനിച്ചത്.

പാർട്ടി അംഗത്വം പുതുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ്. രാജേന്ദ്രൻ അറിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് രാജേന്ദ്രനെ സി.പി.എം സസ്‌പെൻഡ് ചെയ്തിരുന്നത്.

അതേസമയം, എസ്. രാജേന്ദ്രന്റെ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഉത്കണ്ഠയില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുമെന്ന് പറഞ്ഞിട്ടില്ലെന്നും സി.പി.എം വ്യക്തികേന്ദ്രീകൃതമായ പാർട്ടിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Full View

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News