കോവിഡ് വ്യാപനത്തിനിടെ തൃശൂരിലും സി.പി.എമ്മിന്‍റെ മെഗാതിരുവാതിര
തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു
സി.പി.എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാതിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയിൽ 80ലധികം പേർ പങ്കെടുത്തു. പരിപാടി അവതരിപ്പിക്കാനും കാണാനുമായി മൂന്നൂറിലധികം ആളുകൾ ഉണ്ടായിരുന്നു.
ഈ മാസം 21, 22, 23 തിയ്യതികളിലാണ് സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം. ഇന്നലെയാണ് സമ്മേളനത്തിനു മുന്നോടിയായി തിരുവാതിരക്കളി നടന്നത്. എന്നാൽ ജില്ലാ കമ്മിറ്റിയുടെ അറിവോടെയല്ല തിരുവാതിരക്കളി നടന്നതെന്ന് ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
തിരുവനന്തപുരത്തെ തിരുവാതിരക്കളിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് സി.പി.എം തൃശൂരും മെഗാതിരുവാതിര സംഘടിപ്പിച്ചത്. കോവിഡ് വ്യാപനത്തിനിടെ ആളുകള്‍ കൂട്ടംകൂടരുതെന്നും പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണമെന്നുമെല്ലാം നിര്‍ദേശമുള്ളപ്പോഴാണ് സമൂഹ്യ അകലം പോലും പാലിക്കാതെ വീണ്ടും തിരുവാതിരക്കളി നടത്തിയത്.
തിരുവനന്തപുരത്തെ മെഗാതിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും പിന്നീട് പറയുകയുണ്ടായി. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് ധീരജിന്‍റെ ചിത അണയും മുന്‍പ് തിരുവനന്തപുരത്ത് തിരുവാതിരക്കളി നടത്തി എന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.
തിരുവനന്തപുരത്തെ തിരുവാതിരക്കളിയിൽ സി.പി.എം സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. രക്തസാക്ഷിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി തിരുവാതിരയെന്നും പാർട്ടി വികാരം മനസ്സിലാക്കി മാറ്റിവെയ്‌ക്കേണ്ടതായിരുന്നുവെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തി. ജില്ലാ നേതൃത്വവും വീഴ്ച സമ്മതിച്ചു. പരിപാടി മാറ്റിവെക്കേണ്ടതായിരുന്നു. അന്നത്തെ ദിവസം തിരുവാതിര വേണ്ടിയിരുന്നില്ല. എല്ലാവരും തയ്യാറെടുത്ത് വന്നപ്പോൾ മാറ്റിവയ്ക്കണമെന്ന് പറയാനായില്ലെന്ന് നേതൃത്വം വിശദീകരിച്ചു. എന്നാല്‍ ആരും കോവിഡ് ലംഘിച്ചിട്ടില്ലെന്നും തിരുവാതിരക്കളിയിൽ പങ്കെടുത്ത ഓരോരുത്തർക്കും അകലം പാലിക്കാൻ കളം വരച്ചിരുന്നു എന്നും ജില്ലാ നേതൃത്വം അവകാശപ്പെട്ടു. മെഗാതിരുവാതിര മാത്രമല്ല അതിലെ പാട്ടും വിമർശന വിധേയമായി. വ്യക്തിപൂജയ്‌ക്കെതിരെ പരസ്യ നിലപാടെടുത്തിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചായിരുന്നു പാട്ടുകള്‍. തൃശൂരിലെ തിരുവാതിരക്കളി സംബന്ധിച്ച് ജില്ലാ നേതൃത്വത്തില്‍ നിന്ന് ഇതുവരെ വിശദീകരണമൊന്നുമുണ്ടായിട്ടില്ല.