ചിത്രം ഇല്ലാത്തതിന്റെ പേരില്‍ അംഗത്വം അസാധുവാകില്ല: കെ.പി.സി.സി
കടലാസ് ഫോം ഉപയോഗിച്ച് അംഗത്വം എടുക്കാന്‍ വോട്ടര്‍ ഐഡികാര്‍ഡും ഫോണ്‍ നമ്പറും മതിയാകും
കടലാസ് ഫോമില്‍ ചിത്രം പതിക്കാത്ത അംഗത്വം അസാധുവാകുമെന്ന് എ.ഐ.സി.സി.യുടെ പേരില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍. എ.ഐ.സി.സി മാര്‍ഗനിര്‍ദേശം അനുസരിച്ച് ചിത്രം ഇല്ലാത്തതിന്റെ പേരില്‍ ആരുടെയും അംഗത്വം അസാധുവാകില്ല. കടലാസ് ഫോം ഉപയോഗിച്ച് അംഗത്വം എടുക്കാന്‍ വോട്ടര്‍ ഐഡികാര്‍ഡും ഫോണ്‍ നമ്പറും മതിയാകും.
നവീന ആശയമായ ഡിജിറ്റല്‍ അംഗത്വ വിതരണമാണ് ഇത്തവണ എ.ഐ.സി.സി നിര്‍ദേശിച്ചത്. കേരളത്തില്‍ ഇന്നേവരെ പേപ്പര്‍ മെമ്പര്‍ഷിപ്പാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ അംഗത്വം സംബന്ധിച്ച് ആദ്യഘട്ടത്തില്‍ എ.ഐ.സി.സി ഐ.ടി ടീമിന്റെ സഹായത്തോടെ മാര്‍ച്ച് ഒന്നിനും 23നും ഇടയില്‍ വിവിധതലങ്ങളിലുള്ള സംഘടനാ നേതൃത്വത്തിനാകെ പരിശീലന ക്ലാസ്സ് നല്‍കി. ഇതിനുശേഷമാണ് കേരളത്തില്‍ അംഗത്വവിതരണം ആരംഭിച്ചത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് ഡിജിറ്റല്‍ അംഗത്വത്തില്‍ വലിയ കുതിച്ചുകയറ്റമാണ് ഉണ്ടായത്. മുന്‍കാലങ്ങളില്‍ ഫോട്ടയോ ഫോണ്‍ നമ്പറോ അംഗത്വവിതരണത്തിന് നിര്‍ബന്ധമല്ലായിരുന്നു. മാര്‍ച്ച് 25ന് ശേഷമാണ് കടലാസ് അംഗത്വവിതരണത്തിന് എ.ഐ.സി.സി അനുമതി കെ.പി.സി.സിക്ക് ലഭിച്ചത്. ഇതിനിടയില്‍ എ.ഐ.സി.സി അംഗത്വവിതരണ സമയം നീട്ടി നല്‍കി. കടലാസ് അംഗത്വം ചേര്‍ത്തതിന്റെ അന്തിമകണക്ക് ഡി.സി.സികളില്‍ നിന്നും ലഭിക്കാനുണ്ട്. ഈ മാസം 15ന് കോണ്‍ഗ്രസ് അംഗത്വവിതരണം നിശ്ചിത ടാര്‍ഗറ്റ് തികയ്ക്കാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ മൂന്ന് മാസത്തിലധികം സമയമെടുത്താണ് അംഗത്വവിതരണ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. 33 ലക്ഷമാണ് അങ്ങനെ ചേര്‍ത്ത അംഗത്വവിതരണ കണക്ക്. എന്നാല്‍ നിലവിലെ അംഗത്വവിതരണം ഇരുപത് ദിവസത്തിനുള്ളില്‍ തന്നെ 10 ലക്ഷം ഡിജിറ്റല്‍ മെമ്പര്‍ഷിപ്പും ലക്ഷക്കണക്കിന് കടലാസ് മെമ്പര്‍ഷിപ്പും ചേര്‍ക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.