ജാതി വിവേചനത്തിനെതിരെ സാമൂഹിക ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള പ്രചോദനമാണ് കെ.കെ കൊച്ചെന്ന് ഡോ. മോഹൻ ഗോപാൽ
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ് ക്ലബ് ടി.എൻ.ജി ഹാളിൽ സംഘടിപ്പിച്ച കെ. കെ കൊച്ച് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. മോഹൻ ഗോപാൽ


തിരുവനന്തപുരം: സാമൂഹിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പോരാട്ടത്തിന് രചനയിലൂടെയും തെരുവുകളിലും നേതൃത്വം നൽകിയ പോരാളിയായിരുന്നു അന്തരിച്ച പ്രശസ്ത സാമൂഹിക പ്രവർത്തകൻ കെ. കെ കൊച്ചെന്ന് ഡോ. മോഹൻ ഗോപാൽ പറഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ് ക്ലബ് ടി.എൻ.ജി ഹാളിൽ സംഘടിപ്പിച്ച കെ. കെ കൊച്ച് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ തുല്യ പൗരത്വമെന്ന മൗലികാവകാശത്തെ റദ്ദ് ചെയ്യാനുള്ള ആസൂത്രണമാണ് ജാതി വിവേചനത്തിലൂടെ ഭരണകൂടവും സവർണ സമൂഹവും ശ്രമിക്കുന്നത്. ജാതി സമൂഹങ്ങളെക്കുറിച്ച് നിലനിൽക്കുന്ന പൊതുബോധത്തിനെതിരെ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ മേഖലയിൽ പോരാട്ടം നടത്തിയുമാണ് കെ. കെ കൊച്ച് പ്രതിരോധം തീർത്തത്.
കേരള ഭൂപരിഷ്കരണ നിയമം സമൂഹത്തോടുള്ള വഞ്ചനയായിരുന്നുവെന്ന് പ്രഖ്യാപിച്ച അദ്ദേഹം ചെങ്ങറ ഉൾപ്പെടെയുള്ള സമരത്തിൽ സജീവമായി നിലയുറപ്പിച്ചു കൊണ്ടാണ് അത് തെളിയിച്ചത്. വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിലൂടെ രൂപപ്പെടുന്ന ബഹുജന രാഷ്ട്രീയത്തിനാണ് ഭാവി ഇന്ത്യയെ നിർമിക്കാൻ കഴിയുകയെന്ന് അദ്ദേഹത്തിൻ്റെ രചനകളിലൂടെ തെളിയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ "ദളിതൻ" എന്ന പുസ്തകത്തിലൂടെ കീഴാള സമൂഹത്തിൻ്റെ മുന്നേറ്റങ്ങളെയും പ്രതിരോധത്തെയുമാണ് അദ്ദേഹം വിവരിച്ചത്. സാമൂഹിക നീതി അടിസ്ഥാനപ്പെടുത്തിയുള്ള ബഹുജന മുന്നേറ്റത്തിലൂടെ വിഭവവും അധികാരവും പ്രാതിനിധ്യവും നേടിയെടുക്കാനുള്ള ആഹ്വാനമാണ് കൊച്ചേട്ടനെ കുറിച്ചുള്ള ഓർമ്മകൾ ആവശ്യപ്പെടുന്നതെന്ന് ഡോ. മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. വിജയകുമാർ, സിഎംപി സംസ്ഥാന സെക്രട്ടറി എം. ടി ഷാജു, എഴുത്തുകാരൻ ജെ. രഘു, ടി.കെ വിനോദൻ (ലെഫ്റ്റ് ക്ലിക്), എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീൻ മന്നാനി, ഡോ. അംബേദ്ക്കർ കൾച്ചറൽ എഡ്യൂക്കേഷൻ സൊസൈറ്റി പ്രതിനിധി കരകുളം സത്യകുമാർ, സംഗീതജ്ഞൻ എ.എസ് അജിത് കുമാർ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ തുടങ്ങിയ സാമൂഹിക - രാഷ്ട്രീയ നേതാക്കൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹിം സ്വാഗതവും ജില്ല വൈസ് പ്രസിഡണ്ട് ഷാഹിദ ഹാറൂൺ നന്ദിയും പറഞ്ഞു.