എംജി സര്‍വകലാശാല സംഘര്‍ഷം; വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് വി ഡി സതീശൻ
അതിക്രമത്തെ ന്യായീകരിക്കരുതെന്നും കൗണ്ടർ കേസായി എടുത്ത കള്ള കേസ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
എ.ഐ.എസ്.എഫ് വനിതാ നേതാവിന് എതിരെയുള്ള എസ്എഫ്ഐ അക്രമം സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിലെ പ്രതികൾ സംഘർഷം ഉണ്ടാക്കാത്ത ക്യാംപസുകൾ കൊച്ചി നഗരത്തിലില്ല. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെ സംരക്ഷിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ തന്‍റെ വകുപ്പിലെ ആരും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മറുപടി നൽകി.
ദളിത് പെൺകുട്ടിക്ക് അപമാനം ഉണ്ടായ കേസ് ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്. ഈ അതിക്രമത്തെ ന്യായീകരിക്കരുത്. കൗണ്ടർ കേസായി എടുത്ത കള്ള കേസ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അക്രമവുമായി ബന്ധപ്പെട്ട് നാല് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തന്‍റെ വകുപ്പിലെ ആരും കേസിൽ പ്രതികളല്ലെന്നും മന്ത്രി ആർ ബിന്ദു മറുപടി പറഞ്ഞു.
മന്ത്രിമാർ തോന്നുന്നത് പോലെ പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും സബ്മിഷനു മന്ത്രി കൃത്യമായി മറുപടി പറഞ്ഞില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.