എം.ജി യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. അതേസമയം, മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിലാണ് കോട്ടയം, ആലപ്പുഴ, ഇടുക്കി, ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറഞ്ഞു. മഴക്ക് നേരിയ ശമനമുണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചിരുന്നു.
പത്തനംതിട്ട ആലപ്പുഴ തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. ഡാമുകൾ സുരക്ഷിതമാണ്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എൻഡിആർഎഫ് സംഘം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.