എംജി സർവ്വകലാശാലയിലെ ഗവേഷകയുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്; അധ്യാപകനെ മാറ്റുന്നത് വരെ സമരം തുടരുമെന്ന് പരാതിക്കാരി
ഇന്നലെ ജില്ല കലക്ടർ നടത്തിയ ചർച്ചയിൽ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം പങ്കെടുക്കാനായില്ലെങ്കിലും ആവശ്യം കലക്ടറെ അറിയിച്ചിരുന്നു.
എംജി സർവ്വകലാശാലയിൽ ഗവേഷക നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക്. അധ്യാപകനെ മാറ്റുന്നത് വരെ സമരം തുടരാനാണ് ഗവേഷയുടെ തീരുമാനം. ഇന്നലെ ജില്ല കലക്ടർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സർക്കാർ ഇടപെടൽ വേണമെന്നാണ് ഗവേഷകയുടെ ആവശ്യം.
നന്ദകുമാർ കളരിക്കൽ എന്ന അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗവേഷക. ഇന്നലെ ജില്ല കലക്ടർ നടത്തിയ ചർച്ചയിൽ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം പങ്കെടുക്കാനായില്ലെങ്കിലും ആവശ്യം കലക്ടറെ അറിയിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വിധിയുണ്ടെന്ന് പറഞ്ഞാണ് അധ്യാപകനെതിരെ സർവ്വകലാശാല നടപടി സ്വീകരിക്കാത്തത്. ഇരു വിഭാഗവും അവരുടെ നിലപാടിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമായിരിക്കുകയാണ്.
ജില്ലാ കലക്ടർ ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. നിയമസഭയിലും വിഷയം ചർച്ചയാകുമെന്നാണ് വിവരം.ഗവേഷകയും സർക്കാർ ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. ഒമ്പത് ദിവസത്തേക്ക് കടന്നതോടെ ഗവേഷകയുടെ ആരോഗ്യനില മോശമായിട്ടുണ്ട്.