വഖഫ്ബോർഡ് നിയമനം: തെറ്റുതിരുത്താനുള്ള സർക്കാർ സന്നദ്ധത സ്വാഗതാർഹമെന്ന് എം.ഐ അബ്ദുൽ അസീസ്

സര്‍ക്കാര്‍ മറ്റ് താല്‍പര്യങ്ങളുടെ പിറകെ പോയതിനാലാണ് തിരുത്തല്‍ നടപടി ഏറെ വൈകിയതെന്നും എം.ഐ അബ്ദുല്‍ അസീസ്

Update: 2022-07-21 05:09 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തെറ്റായിരുന്നുവെന്ന തിരിച്ചറിവും നടപടി പിന്‍വലിക്കാനുള്ള സര്‍ക്കാറിന്റെ സന്നദ്ധതയും സ്വാഗതാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. മുഴുവന്‍ മുസ്‌ലിം സമുദായസംഘടനകളുടെയും ഭാഗത്ത് നിന്നുണ്ടായ വ്യാപകമായ എതിര്‍പ്പുകള്‍ വകവെക്കാതെയാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോയത്.

നിയമനം പി.എസ്.സിക്ക് വിടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന സര്‍ക്കാര്‍ നടത്തിയില്ല. സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി വഖഫ് ബോര്‍ഡിനെ കുറിച്ച് തെറ്റായ പ്രചാരണം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി. പൊതുസമൂഹത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രതിച്ഛായയെ ഇത് ദോഷകരമായി ബാധിച്ചു. വഖഫ് ബോര്‍ഡില്‍ വഴിവിട്ട നിയമനങ്ങള്‍ നടക്കുന്നുവെന്നും സമുദായം അനര്‍ഹമായത് നേടിയെടുക്കുന്നുവെന്നുമുള്ള പ്രതീതി സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടു. ഈ പരിക്കുകളെല്ലാം സമൂഹത്തില്‍ സൃഷ്ടിച്ച ശേഷമാണ് തിരുത്തല്‍ നടപടിക്ക് സന്നദ്ധമാവുന്നത്.

നിയമനം പി.എസ്.സിക്ക് വിടാനുള്ള റെഗുലേഷന്‍ ഭേദഗതി ബോര്‍ഡ് തള്ളിയെങ്കിലും പിന്നീട് സര്‍ക്കാര്‍ സമ്മര്‍ദത്തോടെ വീണ്ടും അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. സമുദായ സംഘടനകളുമായി കൂടിയാലോചിച്ച് മാത്രമേ വഖഫ് ബോര്‍ഡ് വിഷയത്തില്‍ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ നിയമവുമായി മുന്നോട്ട് പോകുമെന്ന നിലപാട് സ്വീകരിച്ചതും പ്രതിഷേധത്തിനടയാക്കിയിരുന്നു. ഒരു ജനാധിപത്യ സര്‍ക്കാറിന് ഇതെല്ലാം ബോധ്യപ്പെടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ മറ്റ് താല്‍പര്യങ്ങളുടെ പിറകെ പോയതിനാലാണ് തിരുത്തല്‍ നടപടി ഏറെ വൈകിയതെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News