'മൈക്ക് തകരാറിലായത് തിരക്കിനിടെ'; രാഹുലിന്റെ പരിപാടിക്ക് അടക്കം മൈക്ക് നൽകി, കേസ് ആദ്യമെന്ന് മൈക്ക് ഉടമ
കന്റോൺമെന്റ് സി.ഐ വിളിപ്പിച്ചെന്നും ആംപ്ലിഫയറും മൈക്കും ഹാജരാക്കിയെന്നും രഞ്ജിത്ത് പറഞ്ഞു
തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറിലായത് തിരക്കിൽ ആളുകൾ തട്ടിയെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. രാഹുൽ ഗാന്ധിയുടെ പരിപാടിക്കടക്കം മൈക്ക് സെറ്റ് നൽകിയിട്ടുണ്ടെന്നും കേസ് ആദ്യമാണെന്നും രഞ്ജിത്ത് മീഡിയവണിനോട് പറഞ്ഞു.
മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ സദസിന് മുന്നിൽ തിരക്കായി. തിരക്കിനിടെ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം ഉയർന്നത്. ഇതോടെയാണ് ഹൗളിങ് സംഭവിച്ചത്. തിരക്കിനിടെ പ്രശ്നം പരിഹരിക്കാൻ 10 സെക്കന്റ് വൈകി. ഇന്നലെ കന്റോൺമെന്റ് സി.ഐ വിളിപ്പിച്ചെന്നും ആംപ്ലിഫയറും മൈക്കും ഹാജരാക്കിയെന്നും രഞ്ജിത്ത് പറഞ്ഞു.
ഹൗളിങ് സംഭവിക്കുന്നത് പതിവാണ്. രാഹുൽ ഗാന്ധിയുടേത് ഉൾപ്പെടെ തിരുവനന്തപുരത്ത് പ്രധാന പരിപാടികൾക്ക് മൈക്ക് സെറ്റ് നൽകിയിട്ടുണ്ട്. പൊലീസിൽ ഹാജരാക്കിയ ഉപകരണങ്ങൾ തിരിച്ചുകിട്ടിയാൽ മാത്രമേ ഇനി മറ്റ് പരിപാടികൾക്ക് പോകാനാകൂ എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
മൈക്കും മറ്റ് ഉപകരണങ്ങളും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും പരിശോധന നടത്തും. മൈക്ക് തടസപ്പെടുത്തിയത് മനഃപൂർവമാണെന്നാണ് എഫ്.ഐ.ആർ. പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആറിൽ പ്രതിയുടെ പേര് രേഖപെടുത്തിയിട്ടില്ല. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.