കാസർകോട് ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണശാലയിലെ ഉഴുന്നുവടയിൽ തേരട്ട
ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ഈ ലഘുഭക്ഷണശാല പ്രവർത്തിക്കുന്നത്.
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നുവടയിൽ തേരട്ട. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പ്കാർക്കാണ് ഉഴുന്നുവടയിൽ ചത്ത തേരട്ടയെ കാട്ടിയത്. ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർഥിനി മരിക്കുകയും നിരവധി പേര്‍ ചികിത്സ തേടുകയും ചെയ്ത സംഭവം കത്തി നിൽക്കുന്നതിനിടെ ജില്ലാ ആശുപത്രിയിലെ ലഘുഭക്ഷണശാലയിൽ വടയിൽ കേരട്ട കണ്ടെത്തിയ സംഭവം വിവാദമായിട്ടുണ്ട്.
ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് ഈ ലഘുഭക്ഷണശാല പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ വീടുകളിൽ നിന്ന് ഉണ്ടാക്കിയ വടകളാണ് ലഘുഭക്ഷണശാലയിൽ വിൽപ്പന നടത്തുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ സ്ഥാപനം പൂട്ടി. ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി.
ഇവിടെ വട എത്തിച്ച വീട്ടിൽ നിന്നും ഇന്ന് മറ്റ് കടകളിൽ നൽകിയ മുഴുവൻ വടകളും തിരിച്ചെടുത്തു. ഉച്ചയൂണ് അടക്കം ലഭിക്കുന്ന കാന്റീൻ ആശുപത്രിയിൽ പ്രവർത്തിക്കുന്നില്ല. ഇതുകാരണമാണ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ലഘുഭക്ഷണശാല ഒരുക്കിയത്.