സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങും: മന്ത്രി ജെ. ചിഞ്ചുറാണി
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയുന്നതിന്‍റെ ഭാഗമായാണ് പാർലറുകൾ തുടങ്ങുന്നത്
തിരുവനന്തപുരം: പി.ടി.എ യുടെ സഹകരണത്തോടെ സ്കൂളുകളിൽ മിൽമ പാർലറുകൾ തുടങ്ങുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സ്കൂളുകളിൽ മയക്കുമരുന്ന് തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഷോപ്പുകൾ തുടങ്ങുന്നത്.
ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനം നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ചിഞ്ചുറാണി കേന്ദ്രത്തിൽ നിന്ന് പോസിറ്റീവായ മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും പറഞ്ഞു. കേരളത്തിൽ നിന്നുള്ള എം.പിമാർ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കന്നുകാലികളിലെ ചർമമുഴ രോഗത്തിന്‍റെ ചികിത്സ മൃഗാശുപത്രി വഴി സൗജന്യം ആക്കാൻ നടപടി തുടങ്ങി. എല്ലാ വീടുകളിലും വാക്സിൻ നൽകാൻ സംവിധാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അസുഖം വന്നു മരിച്ച പശുക്കൾക്ക് 30,000 രൂപ വീതം നൽകും. കാലിത്തീറ്റയിലെ മായം തടയാൻ ബിൽ കൊണ്ടുവന്നെന്നും എത്രയും വേഗം നിയമം പാസാക്കുന്നതിലേക്ക് പോകും. അങ്ങനെ വന്നാൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രി.
ഓണക്കാലത്ത് സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്ന പാലിൻ്റെ ഗുണ നിലവാരം പരിശോധിക്കാൻ സംവിധാനമുണ്ട്. അതിർത്തികളിൽ ഇതിനാവശ്യമായ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആര്യങ്കാവിൽ പിടിച്ച പാൽ ക്ഷീരവികസന വകുപ്പ് പരിശോധിച്ചപ്പോൾ കെമിക്കൽ കണ്ടെത്തിയതാണ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരത്ത് ലാബിൽ എത്തിച്ചപ്പോൾ രാസപ്രക്രിയ കാരണം അത് അപ്രത്യക്ഷമായി. പാലിൽ മായം കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന് ആണ് നിയമപരമായ അധികാരം. ക്ഷീര വികസന വകുപ്പിനും അത് വേണമെന്ന് അഭിപ്രായം മുന്നോട്ടു വച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.