കെ.എസ്.ഇ.ബിയുടെ ഏരിയൽ ലിഫ്റ്റ് വാഹനങ്ങൾക്ക് അനുമതി നൽകാത്ത എം.വി.ഡി നിലപാടിൽ ഇടപെട്ട് മന്ത്രി ആന്റണി രാജു
മീഡിയവണ്‍ സംപ്രേഷണം ചെയ്ത 'ഏണിയാകുന്ന വകുപ്പുകള്‍' അന്വേഷണ പരമ്പരയിലൂടെയാണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി പ്രതികരിച്ചു
കെ.എസ്.ഇ.ബി വാങ്ങിയ ഏരിയല്‍ ലിഫ്റ്റ് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കാത്ത മോട്ടോര്‍ വാഹന വകുപ്പ് നിലപാടില്‍ ഗതാഗത മന്ത്രി ഇടപെട്ടു. കെ.എസ്.ഇ.ബിയുടെ ആവശ്യം പ്രത്യേകമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ആന്റണി രാജു നിർദേശിച്ചു. മീഡിയവണ്‍ സംപ്രേഷണം ചെയ്ത 'ഏണിയാകുന്ന വകുപ്പുകള്‍' അന്വേഷണ പരമ്പരയിലൂടെയാണ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി പ്രതികരിച്ചു.
നാലു കോടി 21 ലക്ഷം രൂപക്ക് കെ.എസ്.ഇ.ബി വാങ്ങിയ 25 ഏരിയല്‍ ലിഫ്റ്റ് വാഹനങ്ങളാണ് സാങ്കേതിക പ്രശ്നം കാരണം എംവിഡി രജിസ്ട്രേഷന്‍ അനുവദിക്കാത്തത്. ആറു മാസമായി വെറുതെ പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങളുടെ ദൃശ്യം മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. വാഹനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് അനുമതി നല്‍കട്ടേയെന്ന കത്ത് എംവിഡി ഗതാഗത സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്. ഫയല്‍ മുമ്പിലെത്തിയില്ലെങ്കിലും കെഎസ്ഇബിയുടെ ആവശ്യത്തില്‍ ഇടപെടുമെന്ന് മന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കി.
ഏണിക്ക് പകരമായി ഉപയോഗിക്കാനാണ് ഏരിയല്‍ ലിഫ്റ്റ് വാഹനങ്ങള്‍ വാങ്ങിയത്. രണ്ടു വകുപ്പുകള്‍ പോരടിച്ചതോടെ അത് ഏണിയായി. ആധുനിക കാലത്ത് ആധുനിക സംവിധാനങ്ങളോട് സാങ്കേതികതയുടെ പേരിലെ മുഖം തിരിക്കല്‍ നല്ലതല്ലെന്ന അഭിപ്രായമാണ് പല കോണുകളില്‍ നിന്നായി ഉയരുന്നത്. അതിനാല്‍ ഗാതഗത മന്ത്രിയുടെ വാക്കുകളെ പ്രതീക്ഷയോടെയാണ് കെ.എസ്.ഇ.ബി കാണുന്നത്.