എൻ.എച്ച് 66ല്‍ പണിപൂർത്തിയാകുന്ന ഭാഗങ്ങൾ തുറന്നുനല്‍കുന്നത് ദേശീയ അതോറിറ്റി പരിശോധിക്കും-മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി

Update: 2024-01-22 14:43 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ദേശീയപാത 66ൽ പണിപൂർത്തിയാകുന്ന ഭാഗങ്ങൾ തുറന്നുകൊടുക്കുന്നത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻ.എച്ച്.എ.ഐ) പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദേശീയപാതാ വികസനം മുഴുവൻ കഴിയാൻ കാത്തുനിൽക്കാതെ, പൂർത്തീകരിച്ച ബൈപാസുകളും പാലങ്ങളും സ്ട്രെച്ചുകളും നാടിന് സമർപ്പിക്കണമെന്ന് എൻ.എച്ച്.എ.ഐയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ ജില്ലയിൽ മാത്രം 205 ഹെക്ടർ ഭൂമിയാണ് ദേശീയപാതാ വികസനത്തിനായി ഏറ്റെടുത്തത്. ജില്ലയിൽ മാത്രമായി 1,274. 34 കോടി രൂപയാണ് വികസനത്തിനായി സംസ്ഥാന സര്ക്കാര് ചെലവഴിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹോദരതുല്യ സഹകരണത്തോടെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. പാത കടന്നുപോകുന്ന ഓരോ മണ്ഡലത്തിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിവേദനങ്ങളായി എം.എൽ.എമാരുടെ നേതൃത്വത്തിൽ കൈപ്പറ്റി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചർച്ച ചെയ്ത് കാര്യങ്ങൾ പരിശോധിച്ചാണ് സർക്കാർ പ്രവർത്തനമെന്നും മന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽനിന്ന് ആരംഭിച്ച് കർണാടകയിലൂടെ കേരളത്തിലെത്തി അവിടെ നിന്ന് തമിഴ്നാട്ടിലേക്കാണ് എൻ.എച്ച് 66 എത്തിച്ചേരുക. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറ് വരിയായി സജ്ജമാവുന്ന പാത 2025ഓടെ പൂർത്തിയാവുമെന്നും മന്ത്രി പറഞ്ഞു.

തൃശൂർ ജില്ലയിലെ കാപ്പിരിക്കാട്, ചാവക്കാട്, വാടാനപ്പിള്ളി, തളിക്കുളം, എസ്.എൽ പുരം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തിയത്.

തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടുനിന്നാണ് പരിശോധന ആരംഭിച്ചത്. ജില്ലയിൽ തൊണ്ടയാട് ഫ്ലൈ ഓവർ നിർമ്മാണ പ്രവൃത്തി മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ദേശീയപാത നിർമ്മാണത്തിൽ എവിടെയൊക്കെ തടസ്സങ്ങൾ ഉണ്ടോ അതെല്ലാം നീക്കാൻ ഇടപെടുമെന്ന് മന്ത്രി കോഴിക്കോട്ട് പറഞ്ഞു. തൊണ്ടയാട് മേൽപ്പാലം മാർച്ച് ആദ്യം പണിതീർത്ത് നാടിന് സമർപ്പിക്കും. രാമനാട്ടുകര ഫ്ലൈ ഓവറും മാർച്ച് ആദ്യം തുറന്നുകൊടുക്കും. പാലോളി, മൂരാട് പാലങ്ങളും ഇതിൻറെ ഭാഗമായി വേഗത്തിൽ പണിതീർത്ത് തുറന്നുകൊടുക്കും.

കോഴിക്കോട് ജില്ലയിൽ ദേശീയപാത വികസനത്തിനായി 150.5 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. ഇതിനായി 415 കോടി രൂപ സംസ്ഥാനം ചെലവഴിച്ചു. അഴിയൂർ-വെങ്ങളം റീച്ച് 35% പ്രവൃത്തി പൂർത്തിയായി. വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് 60 ശതമാനത്തോളം പണി പൂർത്തീകരിച്ചു. കോഴിക്കോട് ബൈപ്പാസ് 2025ലെ പുതുവത്സര സമ്മാനമായി തുറന്നുകൊടുക്കും. ദേശീയപാത അതോറിറ്റിക്ക് കേരളത്തിൽ ആസ്ഥാനം മന്ദിരം നിർമിക്കാൻ 25 സെന്‍റ് സ്ഥലം തിരുവനന്തപുരത്ത് അനുവദിച്ചതായും മന്ത്രി അറിയിച്ചു.

മലപ്പുറം ജില്ലയിൽ പാണമ്പ്ര വളവ്, കൂരിയാട് ജങ്ഷന്‍, പാലച്ചിറമാട് വളവ്, വട്ടപ്പാറ വളവ്, കുറ്റിപ്പുറം പാലം, ചമ്രവട്ടം ജങ്ഷന്‍ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. മലപ്പുറം ജില്ലയിൽ ദേശീയപാത വികസനത്തിന് 203.68 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതിൽ 203.41 ഹെക്ടറും ഏറ്റെടുത്തു. അതായത് ജില്ലയിൽ 99.87 ശതമാനം ഭൂമി ഏറ്റെടുത്തു. ജില്ലയിൽ 878 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്.

വിവിധ ജില്ലകളിൽ എം.എൽ.എ മാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, പി. നന്ദകുമാർ, മുരളി പെരുനെല്ലി, സി.സി മുകുന്ദൻ, എൻ.കെ അക്ബർ, വി.ആർ സുനിൽകുമാർ, പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു, നാഷണൽ ഹൈവേ അതോറിറ്റി കേരള റീജ്യനല്‍ ഓഫീസർ ബി.എൽ മീണ, നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ അൻഷുൽ ശർമ, ജില്ലാ കലക്ടർമാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Summary: Kerala Minister PA Mohammed Riyas said that the National Highway Authority of India (NHAI) will inspect the opening of the completed sections of National Highway 66.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News