വയനാട്ടിലേക്ക് ചുരമില്ലാത്ത റോഡിനായി പ്രവർത്തിക്കും: നിയുക്തമന്ത്രി ഒ.ആർ കേളു
'കോളനി' പദപ്രയോഗം ഒഴിവാക്കിയതിന്‍റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും കേളു മീഡിയവണിനോട്
തിരുവനന്തപുരം: വയനാട്ടിലേക്ക് ചുരമില്ലാത്ത റോഡിനായി പ്രവർത്തിക്കുമെന്ന് നിയുക്തമന്ത്രി ഒ.ആർ.കേളു.വയനാട്ടിൽ സങ്കീർണമായ പ്രശ്നങ്ങളുണ്ട്.വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഒ.ആര്‍ കേളു മീഡിയവണിനോട് പറഞ്ഞു.
'വയനാട്ടിൽ കാലാനുസൃതമായി നിരവധി വികസനം വന്നിട്ടുണ്ട്. വന്യമൃഗശല്യവും ചുരമില്ലാത്ത റോഡില്ലാത്തതും രാത്രികാല നിരോധനവുമടക്കം നിരവധി സങ്കീർണമായ പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തിൽ നന്നായി ഇടപെട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ട്..ആദിവാസികൾക്ക് വേണ്ടി ഒട്ടേറെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയ സർക്കാരാണിത്. ആദിവാസി വിഭാഗത്തെ കാർഷിക മേഖലയിൽ തന്നെ തളച്ചിടാൻ സർക്കാർ തയ്യാറല്ല. കാലഘട്ടത്തിനനുസരിച്ച് അവരെ പൊതുസമൂഹത്തോടൊപ്പം ഉയർത്തിവിടാനുള്ള ദീർഘവീക്ഷത്തോട് കൂടിയാണ് സർക്കാർ ഈ വിഭാഗത്തെ കാണുന്നത്'. അദ്ദേഹം പറഞ്ഞു.
'കോളനി' പദപ്രയോഗം ഒഴിവാക്കിയതിന്‍റെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് നിയുക്തമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ആദിവാസി, ദലിത് വിഭാഗക്കാരുടെ അഭിപ്രായം കൂടി തേടും. ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്നും ഒ.ആർ കേളു പറഞ്ഞു.
മാനന്തവാടി എം.എൽ.എയായ ഒ.ആർ കേളു ഇന്ന് വൈകിട്ടാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകിട്ട് നാലുമണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. പട്ടികജാതി, പട്ടികവർഗ ക്ഷേമമാണ് ഒ.ആർ കേളുവിന് നൽകിയിരിക്കുന്ന വകുപ്പുകൾ.
ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച കെ. രാധാകൃഷ്ണനു പകരക്കാരനായാണ് ഒ.ആര്‍ കേളു എത്തുന്നത്. അതേസമയം, രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വി.എന്‍ വാസവനും പാര്‍ലമെന്‍റികാര്യം എം.ബി രാജേഷനുമാണു നല്‍കിയിരിക്കുന്നത്.