മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ രാത്രി തുറന്നതിനെതിരെ കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവമന്ത്രി
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയിൽ ജലനിരപ്പുയരുമ്പോൾ രാത്രിയാണ് ഷട്ടറുകൾ തുറന്നത്. ഇത് ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് തടസ്സമാവുന്നുണ്ട്.
Update: 2021-11-30 10:55 GMT
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ രാത്രി തുറക്കുന്നതിനെതിരെ കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയിൽ ജലനിരപ്പുയരുമ്പോൾ രാത്രിയാണ് ഷട്ടറുകൾ തുറന്നത്. ഇത് ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് തടസ്സമാവുന്നുണ്ട്. ജലം വീട്ടിലേക്ക് ഇരച്ചുകയറുമ്പോൾ മാത്രമാണ് ആളുകൾ ഡാം തുറന്ന കാര്യം അറിയുന്നതെന്നും മന്ത്രി പറഞ്ഞു.
തമിഴ്‌നാടുമായി മുമ്പ് ഡാം തുറക്കുന്ന കാര്യം സംസാരിച്ചിരുന്നു. ജലനിരപ്പ് ഉയരുന്നത് ആശങ്കയോടെയാണ് കാണുന്നത്. 142 അടി എത്തിനിൽക്കുന്ന സാഹചര്യത്തിൽ പകൽ കൂടുതൽ വെള്ളം ഒഴുക്കിവിടാൻ തമിഴ്‌നാട് തയ്യാറാവണം. പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ തമിഴ്‌നാടിന്റെ സഹകരണം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.