'കുട്ടികളെ വഴിതെറ്റിക്കാൻ അനുവദിക്കില്ല, നിയമനടപടി സ്വീകരിക്കും'; 'തൊപ്പി'ക്കെതിരെ മന്ത്രി ശിവൻകുട്ടി
'എന്ത് ആവിഷ്‌കാരസ്വാതന്ത്ര്യം പറഞ്ഞാലും ഒരുസമൂഹത്തെ മുഴുവൻ ബുദ്ധിമുട്ടിലാക്കുന്ന, വളർന്നുവരുന്ന തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല.'
തിരുവനന്തപുരം: തൊപ്പി വിഷയത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പല വൃത്തികേടുകളും സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. കുട്ടികളെ വഴിതെറ്റിക്കാൻ അനുവദിക്കില്ല. ഇതിനെതിരെ നിയമപരമായ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പല വൃത്തികേടുകളും സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്. ആവിഷകാര സ്വാതന്ത്ര്യം എന്തും പറയാനുള്ള ലൈസൻസ് അല്ല. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും കൈക്കൊള്ളും. വിദ്യാർത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന കാര്യങ്ങൾ ഒരുനിലയ്ക്കും അനുവദിക്കാൻ പറ്റില്ല.
എന്ത് ആവിഷ്‌കാരസ്വാതന്ത്ര്യം പറഞ്ഞാലും ഒരുസമൂഹത്തെ മുഴുവൻ ബുദ്ധിമുട്ടിലാക്കുന്ന, വളർന്നുവരുന്ന തലമുറയെ മുഴുവൻ പലനിലയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. കുട്ടികൾക്ക് ബോധവൽക്കരണത്തിന് പ്രത്യേക പദ്ധതി തയാറാക്കും.
കുട്ടികളുടെ മാനസികനില തകർക്കാൻ അനുവദിക്കില്ല. സമൂഹമാധ്യമങ്ങളിൽ വരുന്നതിൽ എന്ത് സ്വീകരിക്കണമെന്ന് കുട്ടികൾക്ക് അറിയില്ല. അതിന് കുട്ടികളെ സഹായിക്കുന്ന പദ്ധതിയാണ് വിദ്യാഭ്യാസ വകുപ്പ് തയാറാക്കുക. വളർന്നുവരുന്ന തലമുറയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വളാഞ്ചേരി പൊലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്ത യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിനെ വിട്ടയച്ചു. കണ്ണൂർ കണ്ണപുരം പൊലീസാണ് ജാമ്യത്തിൽ വിട്ടത്. വളാഞ്ചേരിയെത്തി അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ജാമ്യം നൽകുകയായിരുന്നു. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമർശം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും വളാഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തുടർന്നാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ നടപടി സ്വീകരിച്ചത്.
എറണാകുളത്തെ സുഹൃത്തിന്റെ ഫ്ളാറ്റിൽനിന്നാണ് നിഹാദിനെ ഇന്നലെ അർധരാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കാനായി വളാഞ്ചേരി പൊലീസ് എറണാകുളത്തെ ഫ്ളാറ്റിൽ എത്തിയപ്പോൾ നിഹാദ് വാതിൽ ഉള്ളിൽനിന്ന് പൂട്ടുകയായിരുന്നു. പിന്നാലെ ഗെയിമിങ് സ്ട്രീമിങ് ആപ്പായ 'ലോക്കോ'യിൽ ലൈവ് വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. പിന്നീട് വാതിൽ പൊളിച്ച് തൊപ്പിയെ പുറത്തേക്കിറക്കുകയായിരുന്നു പൊലീസ്.
Summary: 'Children will not be allowed to go astray, legal action will be taken'; Minister V Sivankutty in gamer-Youtuber 'Thoppi' controversy